വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്: ഇന്റര്‍നെറ്റ് കഫേ ഉടമ അറസ്റ്റില്‍

മാനന്തവാടി വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്ട് കോം ഇന്റര്‍നെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് മാനന്തവാടി പോലിസിന്റെ പിടിയിലായത്.

Update: 2021-07-03 11:57 GMT

കല്‍പ്പറ്റ: ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ ഇന്റര്‍നെറ്റ് കഫേ ഉടമ അറസ്റ്റില്‍. മാനന്തവാടി വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്ട് കോം ഇന്റര്‍നെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് മാനന്തവാടി പോലിസിന്റെ പിടിയിലായത്.

ജില്ല പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്നതിന് 200 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. ഒട്ടേറെ പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ബാര്‍കോഡ് ഉള്‍പ്പെടെ രേഖപ്പെടുത്തിയായിരുന്നു സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി ഉപയോഗിച്ച കംപ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഉപകരണങ്ങള്‍ പോലിസ് പിടിച്ചെടുത്തു.

കഫേ അടച്ചു പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിലേക്കെല്ലാം യാത്ര ചെയ്യണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരുന്നു. ഇത് മുതലെടുത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയതെന്നാണ് പോലിസ് കരുതുന്നത്. കുട്ട, ബാവലി, തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകള്‍ വഴി നിരവധി പേരാണ് ദിവസവും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നത്.

Tags:    

Similar News