സിറിയയിലെ ഇസ്രായേല്‍ കടന്നുകയറ്റം അന്താരാഷ്ട്ര നിയമ ലംഘനം; കുവൈത്ത് അപലപിച്ചു

Update: 2025-11-21 09:01 GMT

കുവൈത്ത് സിറ്റി: സിറിയന്‍ പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ പ്രധാനമന്ത്രിയും സംഘവും നടത്തിയ കടന്നുകയറ്റത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ നടപടി സിറിയയുടെ സ്വാധീനത്തിനും ഭൂമിശാസ്ത്രപരമായ സമഗ്രതയ്ക്കും നേരെയുള്ള വ്യക്തമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതു കൂടാതെ, അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളും ഗുരുതരമായി ലംഘിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സിറിയയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും കുവൈത്ത് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട പ്രമേയങ്ങള്‍ നടപ്പാക്കുന്നതിനുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

സിറിയന്‍ പ്രദേശത്തെയും മറ്റു രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ തുടരുന്ന സൈനികാക്രമണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags: