ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഖത്തറില്‍ നടക്കാനിരുന്ന അര്‍ജന്റീന-സ്പെയ്ന്‍ ഫൈനലിസിമ മല്‍സരം മാറ്റിവെച്ചു
ദോഹ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27ന് ഖത്തറില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീന-സ്പെയ്ന്‍ ഫൈനലിസിമ മല്‍സരം മാറ്റിവെച്ചു. ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാം മല്‍സരങ്ങളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ഖത്തര്‍ എഫ്എ അറിയിച്ചു. മാര്‍ച്ച് 27ന് ഖത്തറിലെ ലുസെയില്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് യുവേഫ യൂറോ കപ്പ് ചാംപ്യന്മാരായ സ്‌പെയ്‌നും കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്റീനയും തമ്മിലുള്ള ഫൈനലിസിമ മല്‍സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. യുവേഫ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം മിഡില്‍ ഈസ്റ്റിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് മല്‍സരം മാറ്റി വെച്ചത്.
ജൂണിലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ആരാധകര്‍ ഉറ്റ് നോക്കിയിരുന്ന മല്‍സരമാണ് അര്‍ജന്റീന-സ്പെയ്ന്‍ പോരാട്ടം. അതിന് പുറമെ മാര്‍ച്ച് 26 മുതല്‍ 31 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവല്‍ മല്‍സരങ്ങളും മാറ്റിവെച്ചു. സെര്‍ബിയ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍ ടീമുകളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
അതേസമയം ആക്രമണത്തെത്തുടര്‍ന്ന് ഖത്തറില്‍ നിലവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ സ്‌കൂളുകളും സര്‍വ്വകലാശാലകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറും. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി. വ്യോമാതിര്‍ത്തി അടച്ചതോടെ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ മന്ത്രാലയം പൂര്‍ണ്ണ സജ്ജമാണെന്നും ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഇറാനില്‍ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി വന്ന 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്ല ഖലീഫ അല്‍ മുഫ്ത അറിയിച്ചു. ഇതില്‍ 63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് തന്നെ വെടിവച്ചിട്ടു. എങ്കിലും രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അല്‍-ഉദൈദ് വ്യോമതാവളത്തിന് സമീപം പതിച്ചു. ദോഹയില്‍ മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് പരിക്കേറ്റ എട്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
