ഇറാന്‍ രഹസ്യാന്വേഷണ മന്ത്രിയെയും ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നു, റിപോര്‍ട്ട്
തെഹ്‌റാന്‍: ഇറാനില്‍ അടുത്തിടെ നടന്ന വ്യോമാക്രമണങ്ങളില്‍ ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബിനെ ലക്ഷ്യമിട്ടിരുന്നെന്ന് റിപോര്‍ട്ടുകള്‍. ഓപ്പറേഷന്റെ ഫലങ്ങള്‍ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും, എന്ത് നാശനഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലി മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം, ഇക്കാര്യത്തില്‍ ഇറാനില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. നേരത്തെ, ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയെയും ബാസിജ് കമാന്‍ഡര്‍ ഗൊലാംറേസ സോള്‍ട്ടാനിയെയും ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നു. രണ്ട് പേരെയും കൊലപ്പെടുത്തി.
ഖാംനഈക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാരിജാനി. ഇന്നലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.