'ഇതും കോടതിയുടെ ജോലിയാണോ?': പശുവിനെ ദേശീയമൃഗമാക്കണമെന്ന ഹരജിക്കെതിരേ സുപ്രിംകോടതി

Update: 2022-10-10 08:29 GMT

ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി നല്‍കിയവര്‍ക്കെതിരേ സുപ്രിംകോടതി രോഷം പ്രകടിപ്പിച്ചു. ഇതും കോടതിയുടെ ജോലിയാണോയെന്നു ചോദിച്ചതിനുപുറമെ ഇത്തരം ഹരജിയുമായി വരുന്നവര്‍ക്കെതിരേ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പുനല്‍കി.

ജസ്റ്റിസ് എസ് കെ കൗളും അഭയ് എസ് ഒകെയുടെയും ബെഞ്ചിലാണ് ഹരജി വന്നത്. പശു ദേശീയമൃഗമാവാത്തതിനാല്‍ ഏത് മൗലികാവശമാണ് ലംഘിക്കപ്പെട്ടതെന്നും ഇതും കോടതിയുടെ ജോലിയാണോയെന്നും ജഡ്ജിമാര്‍ ചോദിച്ചു. ഇത്തരം ഹരജികള്‍ക്കെതിരേ പിഴചുമത്തുമെന്നും ബെഞ്ച് പ്രതികരിച്ചു.

ഗോസംരക്ഷണം അതീവഗൗരവമുള്ള പ്രശ്‌നമാണെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്റെ വാദം.

ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കോടതിച്ചിലവും പിഴയും ചുമത്തുമെന്ന് കോടതി ഓര്‍മിപ്പിച്ചു.

ഗോവ്‌നാഷ് സേവ സദന്‍ എന്ന സര്‍ക്കാരിതര സംഘടനയാണ് പൊതുതാല്‍പര്യഹരജി നല്‍കിയത്.

Tags: