രാഷ്ട്രപതി, ബിജെപിയുടെ പോക്കറ്റിലാണോ? മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബിജെപി പ്രഖ്യാപനത്തിനെതിരേ ശിവസേന

നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപി നേതാവും ധനകാര്യമന്ത്രിയുമായ സുധീര്‍ മുംഗത്തിവാര്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2019-11-02 11:13 GMT

മുംബൈ: നവംബര്‍ 7 നകം സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനത്തോട് കടുത്ത രീതിയില്‍ പ്രതികരിച്ച് ശിവസേന. ഇന്ത്യന്‍ രാഷ്ട്രപതി ബിജെപിയുടെ പോക്കറ്റിലാണോ എന്നായിരുന്നു പരിഹാസം. ശിവസേനയുടെ മുഖപത്രം സാമ്‌നയിലെ പത്രാധിപക്കുറിപ്പിലാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപി നേതാവും ധനകാര്യമന്ത്രിയുമായ സുധീര്‍ മുംഗത്തിവാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി ഈ മാസം 8 ന് അവസാനിക്കും. നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ഇടപെടേണ്ടിവരും ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബിജെപി നേതാവിന്റെ പ്രഖ്യാപനം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോടുള്ള പരസ്യമായ ഭീഷണിയുമാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

''ബിജെപി നേതാവിന്റെ അഭിപ്രായത്തില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്? ഇന്ത്യന്‍ രാഷ്ട്രപതി ബിജെപിയുടെ പോക്കറ്റിലും രാഷ്ട്രപതിഭവന്റെ സീല്‍ ബിജെപി ഓഫിസിലുമെന്നുമാണോ?... ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി നിയമസഭ പിരിച്ചുവിടുമെന്ന സൂചന നല്‍കാനാണോ അവരുടെ നേതാക്കള്‍ ഇങ്ങനെ പറയുന്നത്.'' കുറിപ്പ് തുടരുന്നു.  

Tags:    

Similar News