കരാറിലെത്തണമെങ്കില്‍ അമേരിക്ക അമിതമായ ആവശ്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
തെഹ്റാന്‍: കരാറിലെത്തണമെങ്കില്‍ അമേരിക്ക അമിതമായ ആവശ്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ജനീവയില്‍ ഇരുപക്ഷവും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഈജിപ്തിലെ ഉന്നത നയതന്ത്രജ്ഞന്‍ ബദര്‍ അബ്ദലട്ടിയുമായി നടത്തിയ ഫോണ്‍ കോളിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് പരാമര്‍ശിച്ചത്. ഈ പാതയിലെ വിജയത്തിന് മറുവശത്ത് നിന്നും ഗൗരവവും യാഥാര്‍ത്യബോധവുമുള്ള വീക്ഷണം ആവശ്യമാണ്, തെറ്റായ കണക്കുകൂട്ടലുകളും അമിത ആവശ്യങ്ങളും ഒഴിവാക്കണം' എന്ന് അരാഗ്ചി പറഞ്ഞു.
താന്‍ പരാമര്‍ശിക്കുന്ന ആവശ്യങ്ങള്‍ എന്താണെന്ന് അരാഗ്ചി വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ മിസൈല്‍ പദ്ധതി തങ്ങളുടെ പ്രതിരോധ ശേഷിയുടെ ഭാഗമാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറയുന്നു. അവരുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.