ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
തെഹ്റാൻ : ഫലസ്തീനിൽ വർധിച്ചുവരുന്ന വംശഹത്യയെയും ഗസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേൽ ഭരണകൂടം നൂറുകണക്കിന് ഫലസ്തീനികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെയും അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഖായ്.
ജനവാസ കേന്ദ്രങ്ങൾ, അഭയാർഥി ക്യാപുകൾ, ഷെൽട്ടറുകൾ, സുപ്രധാന സഹായ വിതരണ കേന്ദ്രങ്ങൾ എന്നിവയ്‌ക്കെതിരായ സൈന്യത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ അഭൂതപൂർവമായ യുദ്ധ കുറ്റകൃത്യങ്ങളാണെന്ന് ബകായ് വിശേഷിപ്പിച്ചു.
അഭയാർഥി കേന്ദ്രങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും ഗസയിലെ മുസ്തഫ ഹഫീസ് സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ ബോംബാക്രമണത്തെയും പരാമർശിച്ചുകൊണ്ട്, ഗാസയിൽ തുടരുന്ന വംശഹത്യയ്ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അമേരിക്കയും ജർമ്മനിയും അധിനിവേശ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങളും ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്കിന്റെ സമ്പൂർണ്ണ അധിനിവേശം സംബന്ധിച്ച ഇസ്രായേൽ ഭരണകൂടത്തിന്റെ നിലവിലുള്ള അവകാശവാദങ്ങളെ അദ്ദേഹം വിമർശിച്ചു.
അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും ഫലസ്തീന്റെ ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ സ്വത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൊളോണിയൽ അജണ്ടയെ ചെറുക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തോടും ഇസ് ലാമിക രാജ്യങ്ങളോടും അദ്ദേഹം സഹായം അഭ്യർഥിച്ചു.
കൂടാതെ, ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രൂരമായ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്നതിലും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിലും മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യുഎൻ പ്രത്യേക റിപോർട്ടർ ഫ്രാൻസെസ്ക അൽബനീസിന്റെ തുടർച്ച പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
