നിക്ഷേപ തട്ടിപ്പ്: യുവ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പോലിസ്

ധന കാര്യ കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതിനു മുന്‍പ് അവക്ക് യുഎഇയില്‍ ബിസിനസ് നടത്താന്‍ മതിയായ ട്രേഡ് ലൈസന്‍സുണ്ടോയെന്നതടക്കം കമ്പനിയെ കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കണമെന്നും അതിനു ശേഷം മാത്രമായിരിക്കണം നിക്ഷേപമെന്നും ഷാര്‍ജ പോലിസ് കമാന്റര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സറി അല്‍ ഷംസി അറിയിച്ചു.

Update: 2019-02-20 13:21 GMT

ഷാര്‍ജ: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ഏറ്റവും പുതിയ സാമ്പത്തിക തട്ടിപ്പില്‍ വീഴരുതെന്ന് പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലിസിന്റെ മുന്നറിയിപ്പ്. നിക്ഷേപ കമ്പനികളില്‍ പണം നിക്ഷേപിക്കാനും ആകര്‍ഷക വരുമാനം വാഗ്ദാനം ചെയ്തുമുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്നത്. യുവാക്കളാണ് ഇത്തരം തട്ടിപ്പുകളില്‍ എളുപ്പത്തില്‍ വീഴുന്നതെന്നാണ് അറിയുന്നത്. ധന കാര്യ കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതിനു മുന്‍പ് അവക്ക് യുഎഇയില്‍ ബിസിനസ് നടത്താന്‍ മതിയായ ട്രേഡ് ലൈസന്‍സുണ്ടോയെന്നതടക്കം കമ്പനിയെ കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കണമെന്നും അതിനു ശേഷം മാത്രമായിരിക്കണം നിക്ഷേപമെന്നും ഷാര്‍ജ പോലിസ് കമാന്റര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സറി അല്‍ ഷംസി അറിയിച്ചു.

വ്യാജ കമ്പനികളിലൂടെ രാജ്യത്തെ സ്വദേശി പൗരന്മാരുടെയും താമസക്കാരുടെയും പണം വന്‍തോതില്‍ ചൂഷണം ചെയ്യുന്ന വലിയൊരു സംഘം ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ അവര്‍ പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ പണം നഷ്ടപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ പരാതിയുമായി മുന്നോട്ട് വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കല്‍ പോലിസ് റിപ്പോര്‍ട്ട് ഇഷ്യൂ ചെയ്യപ്പെട്ടാല്‍ നിക്ഷേപ തട്ടിപ്പിലെ ഇരയുടെ നഷ്ടം കുറക്കാന്‍ എല്ലാ പരിശ്രമവും നടത്തും. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കമ്പനികളെ കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും യുഎഇക്കുണ്ട്.

എന്നാല്‍, കമ്പനിയുടെ സങ്കല്‍പ ആസ്ഥാനത്തെ കുറിച്ച് ഇരകള്‍ക്ക് ഒരു സൂചനയും നല്‍കാനാകുന്നില്ലെന്നതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്. ഭാവനാക്കമ്പനികളുടെ നിക്ഷേപക്കെണികളില്‍ വീഴുന്നതിലൂടെ ധനപരവും നിയമപരവുമായ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുവെന്നതിന് പുറമെ, വ്യക്തിജീവിതത്തിലും കുടുംബത്തിലും പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും നിരവധി സ്വദേശി യുവാക്കള്‍ ഇത്തരം ചതികളില്‍ പെട്ട് വന്‍ സംഖ്യ തന്നെ നഷ്ടപ്പെട്ടവരായിട്ടുണ്ടെന്നും അല്‍ഷംസിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ചെറുവരുമാനക്കാര്‍ വന്‍തോതില്‍ വായ്പാ ബാധ്യതക്കാരായിട്ടുമുണ്ട്. തങ്ങളുടെ നിക്ഷേപത്തിലേക്ക് പണമെത്തിക്കാനായാണ് ഇവര്‍ ഇപ്രകാരം കടമെടുക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News