താനൂര്‍ ബോട്ടപകടത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്; റിപോര്‍ട്ട് രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും
മലപ്പുറം: മലപ്പുറം താനൂര്‍ ബോട്ടപകടത്തിന്റെ അന്തിമ റിപോര്‍ട്ട് രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. രണ്ടാംഘട്ടം ഒക്ടോബര്‍ 23നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ആദ്യഘട്ട നിഗമനങ്ങളും രണ്ടാംഘട്ടത്തിലെ നിഗമനങ്ങളും ചേര്‍ത്തായിരിക്കും അന്തിമ നിഗമനങ്ങളിലേക്ക് എത്തുകയെന്നും ജസ്റ്റിസ് വി കെ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍, അപകടത്തിന് ഇടയാക്കിയ സാഹചര്യം, അപകടത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉള്ള ഉത്തരവാദിത്തം എന്ത് എന്നതാണ് പരിശോധിച്ചത്. ലൈസന്‍സിങ്, എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ പര്യാപ്തത, ജലഗതാഗത മേഖലയിലെ സുരക്ഷാ പരിഹാരങ്ങള്‍, മുന്‍കാല അന്വേഷണ റിപോര്‍ട്ടുകളുടെ നടപ്പാക്കല്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ പരിശോധിക്കുന്നത്.
മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി യാത്രാബോട്ടാക്കി മാറ്റിയെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് രണ്ടാംഘട്ടത്തിലെ തെളിവെടുപ്പില്‍ അന്തിമ തീരുമാനത്തിലെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലിസ് കംപ്ലെയിന്റ് അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയാണ് വി കെ മോഹനനന്‍. താനൂര്‍ തൂവല്‍ത്തീരം ബീച്ചില്‍ 2023 മേയ് ഏഴിനാണ് നാടിനെ നടുക്കിയ ബോട്ടപകടം നടന്നത്.