വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തു; ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു

വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുള്‍ റഷീദിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

Update: 2021-08-23 19:31 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തിന് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതായി പരാതി. വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുള്‍ റഷീദിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.വീടിന് മുന്നില്‍ ഓട്ടോയിലിരുന്ന് മദ്യപിച്ചത് റഷീദും മകനും ചോദ്യം ചെയ്തു. ഇത് വകവയ്ക്കാതെ ഇവര്‍ മദ്യപാനം തുടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതോടെ തൊഴിലാളികള്‍ പ്രകോപിതരാവുകയും ആക്രമണം നടത്തുകയുമായിരുന്നു.

അസഭ്യവര്‍ഷം നടത്തിയ പ്രവര്‍ത്തകര്‍ പിന്നീട് കല്ലെറിഞ്ഞ് ജനല്‍ച്ചില്ല് നശിപ്പിക്കുകയും ഗേറ്റ് തകര്‍ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തടയാനെത്തിയ റഷീദിന്റെ ഭാര്യയെയും സംഘം അസഭ്യം പറഞ്ഞു.ഗേറ്റ് തകര്‍ത്ത സംഘം വീട് കയറിയും അസഭ്യം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. കെ ആന്‍സലന്‍ എംഎല്‍എയുടെ പിഎ പി എ ഷാനവാസും ഇടപെട്ടതോടെ അദ്ദേഹത്തെയും മര്‍ദ്ദിച്ചുവെന്നാണ് പരാതി.

കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെട്ടു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ഐഎന്‍ടിയുസി തൊഴിലാളികളായ നവാസ്, റിയാസ്, ഷഫീര്‍ എന്നിവര്‍ക്കെതിരെ ബാലരാമപുരം പോലിസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു.

Tags:    

Similar News