സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ട് ക്രിസ്തീയ സഭ: വ്യവസായിക്കു വേണ്ടി പാലക്കാട് രൂപതാധ്യക്ഷന്റെ ശുപാര്‍ശക്കത്ത്

ഐസക് വര്‍ഗീസ്, പ്രമുഖ സഭാംഗമാണെന്നും മത്സരിച്ചാല്‍ തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അതിനാല്‍ വിജയസാധ്യതയുണ്ടെന്നുമാണ് കത്തിലെ ഉള്ളടക്കം.

Update: 2021-01-22 01:35 GMT

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാലക്കാട് രൂപതാധ്യക്ഷന്റെ ശുപാര്‍ശക്കത്ത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസിന് സീറ്റുനല്‍കിയാല്‍ സഭയുടെ പിന്‍തുണ നല്‍കാമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആണ് വാഗ്ദാനം ചെയ്തത്. സി.പി.െഎ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് കത്തുനല്‍കിയത്.


കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും സിപിഐ പരാജയപ്പെട്ട മണ്ഡലമാണ് മണ്ണാര്‍ക്കാട്. 2006ല്‍ സി.പി.െഎ. ടിക്കറ്റില്‍ ജോസ് ബേബി മണ്ണാര്‍ക്കാട്ടുനിന്ന് ജയിച്ചിരുന്നു. മുസ്‌ലിം ലീഗിലെ എന്‍. ഷംസുദ്ദീനാണ് ഇപ്പോഴത്തെ മണ്ണാര്‍ക്കാട് എംഎല്‍എ. 2011ലും അദ്ദേഹമാണ് ഇവിടെ നിന്ന് വിജയിച്ചത്.


തന്നെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഐസക് വര്‍ഗ്ഗീസ് സിപിഐ നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഇതിനു പിറകെയാണ് രൂപതാധ്യക്ഷന്റെ ശുപാര്‍ശക്കത്തും നല്‍കിയത്. മണ്ണാര്‍ക്കാട് സീറ്റിന് അപേക്ഷ നല്‍കിയ ഐസക് വര്‍ഗീസ്, പ്രമുഖ സഭാംഗമാണെന്നും മത്സരിച്ചാല്‍ തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അതിനാല്‍ വിജയസാധ്യതയുണ്ടെന്നുമാണ് കത്തിലെ ഉള്ളടക്കം. ജനുവരി 11നാണ് കത്തുനല്‍കിയത്. താന്‍ സഭാവിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് നല്‍കിയതെന്നും അത് കാനം രാജേന്ദ്രന് കൈമാറിയെന്നും ഐസക് വര്‍ഗീസ് പറയുന്നു.




Tags:    

Similar News