റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഹായവുമായി അന്താരാഷ്ട്ര സമൂഹം: 600കോടി ഡോളര്‍ സമാഹരിച്ചു

ചൈനയെയും റഷ്യയെയും ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. 2020 ല്‍ 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 600 കോടി ഡോളറാണ് സമാഹരിക്കാനായത്.

Update: 2020-10-23 10:24 GMT

ധക്ക: മ്യാന്‍മറില്‍ ഭരണകൂടത്തിന്റെ പിന്‍തുണയോടെ നടത്തിയ വംശഹത്യയുടെ ഇരകളായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ധനസഹായം. 600 കോടി ഡോളറാണ് വിവിധ ഏജന്‍സികളും രാജ്യങ്ങളും സമാഹരിച്ചത്. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുമായി (യുഎന്‍എച്ച്സിആര്‍) ചേര്‍ന്ന് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചാണ് തുക സമാഹരിച്ചത്. ഏറ്റവും വലിയ ഒറ്റ ദാതാക്കളായ യുഎസ് 200 മില്യണ്‍ ഡോളര്‍ പുതിയ ഫണ്ടായി പ്രഖ്യാപിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ 113 ദശലക്ഷം ഡോളറും ബ്രിട്ടന്‍ 60 ദശലക്ഷം ഡോളറും വാഗ്ദാനം ചെയ്തു. മറ്റ് നിരവധി രാജ്യങ്ങളും സംഭാവന നല്‍കി. ചൈനയെയും റഷ്യയെയും ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. 2020 ല്‍ 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 600 കോടി ഡോളറാണ് സമാഹരിക്കാനായത്.

' റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി അന്താരാഷ്ട്ര സമൂഹം മാനുഷികതയോടുള്ള ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചു ' എന്ന് ഐക്യരാഷ്ട്ര അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. 2017 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മ്യാന്‍മറില്‍ നടത്തിയ വംശഹത്യയെ തുടര്‍ന്ന് 730,000-ലധികം റോഹിംഗ്യകള്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തി. ഇപ്പോഴും ലക്ഷക്കണക്കിന് റോഹിന്‍ഗ്യര്‍ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് അവശേഷിക്കുന്നു, അവിടെ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പൗരത്വം, സ്വാതന്ത്ര്യം, ആരോഗ്യ സംരക്ഷണത്തിനുള്ള അവസരം എന്നിവ നിഷേധിക്കുകയും ചെയ്യുന്നു.

ഏറ്റവുമധികം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച ബംഗ്ലാദേശിന് ഇനിമേല്‍ ഭാരം ഏറ്റെടുക്കാന്‍ ബംഗ്ലാദേശിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി ഷഹരിയാര്‍ ആലം പറഞ്ഞു. ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ എത്രയും വേഗം മ്യാന്‍മറിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ ഇപ്പോഴും സമാധാനാന്തരീക്ഷം നിലവില്‍ വന്നിട്ടില്ല. റോഹിന്‍ഗ്യരെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ മ്യാന്‍മറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Similar News