കേരളത്തിനെതിരായ അധിക്ഷേപം; ബിജെപി മന്ത്രിയുടെ പ്രസ്താവന അപലപനീയം: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2024-12-31 06:04 GMT

തിരുവനന്തപുരം: കേരളത്തിനെതിരേ വിദ്വേഷവിഷം ചീറ്റിയ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. പരമത വിദ്വേഷം തലയ്ക്കു പിടിച്ച വര്‍ഗീയ ഭ്രാന്തന്മാര്‍ ജനാധിപത്യ രാജ്യത്തിന്റെ ഭരണ തലത്തില്‍ നിലകൊള്ളുന്നത് രാജ്യത്തിന് അപമാനമാണ്. വംശീയവാദി നിതേഷ് റാണയെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കണം. കൂടാതെ ഇയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഭരണ-നീതിന്യായ സംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ജയിക്കാന്‍ കാരണം 'കേരളം മിനി പാകിസ്ഥാന്‍' ആയതുകൊണ്ടാണെന്ന വിവാദ പ്രസ്താവനയാണ് ബിജെപി നേതാവ് നടത്തിയിരിക്കുന്നത്. ഈ വിദ്വേഷ പ്രസ്താവനയ്ക്ക് തുടക്കമിട്ടത് സിപിഎം നേതാക്കളാണെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സംഘപരിവാരം ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങളുടെയെല്ലാം ഉപജ്ഞാതാക്കള്‍ സിപിഎം നേതാക്കളാണെന്നതാണ് ഏറെ ഖേദകരം. വിജയരാഘവന്റെ വിദ്വേഷ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പി കെ ശ്രീമതിയും ഉള്‍പ്പെടെയുള്ളവര്‍ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. ഈ വിദ്വേഷ പ്രചാരണങ്ങളുടെ വിളവെടുപ്പ് നടത്തുന്നത് സംഘപരിവാരമാണെന്നത് സിപിഎം നേതാക്കളെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്നത് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ബിജെപിയും സിപിഎമ്മും അധികാര രാഷ്ട്രീയത്തിനു വേണ്ടി വര്‍ഗീയ-വിദ്വേഷ പ്രചാരണങ്ങള്‍ തരാതരം പോലെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണിവയൊക്കെ. തങ്ങളാണ് ഏറ്റവും വലിയ മതനിരപേക്ഷ കക്ഷിയെന്നും ഫാഷിസ്റ്റ് വിരുദ്ധരെന്നുമുള്ള സിപിഎമ്മിന്റെ കപടമുഖമാണ് അനുദിനം വെളിവാകുന്നതെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

Tags: