ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യ കുസാറ്റുമായി ധാരണാ പത്രം ഒപ്പിട്ടു

രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളും മറ്റുള്ള വൈജ്ഞാനിക സ്ഥാപനങ്ങളുമായും സഹകരണം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കുസാറ്റുമായുള്ള ധാരണപത്രമെന്ന് ദേശീയ പ്രസിഡന്റ്് സി എസ് നാഗേന്ദ്ര ഡി റാവു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

Update: 2021-03-15 13:16 GMT

കൊച്ചി: രാജ്യത്തെ കമ്പനി സെക്രട്ടറിമാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യ (ഐസിഎസ്ഐ) കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണപത്രം ഒപ്പുവെച്ചതായി. ഐസിഎസ്ഐ ദേശീയ പ്രസിഡന്റ് സി എസ് നാഗേന്ദ്ര ഡി റാവു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളും മറ്റുള്ള വൈജ്ഞാനിക സ്ഥാപനങ്ങളുമായും സഹകരണം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കുസാറ്റുമായുള്ള ധാരണപത്രമെന്നും അദ്ദേഹം പറഞ്ഞു.ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണ പ്രകാരം കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സാകുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഐസിഎസ്ഐ സിഗ്‌നേച്ചര്‍ സുവര്‍ണ്ണ അവാര്‍ഡ് നല്‍കും. അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്ക് ഐസിഎസ്ഐ നടത്തുന്ന കോഴ്സിന് ഒരു ഫീസും ഈടാക്കാതെ പ്രവേശം നല്‍കുന്നതാണ്. അതിനു പുറമെ രണ്ടു സ്ഥാപനങ്ങളിലെയും അധ്യാപകരുടെ പരസ്പര സഹകരണം, ദേശീയ-അന്തര്‍ദേശീയ സെമിനാറുകളിലും മറ്റു പാഠ്യ പദ്ധതികളിലും പരസ്പര പങ്കാളിത്തം എന്നിവയും ധാരണയുടെ ഭാഗമാണ്.

കുസാറ്റിന്റെ ലൈബ്രററി സൗകര്യങ്ങള്‍ കഇടക വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും ഇതോടെ അവസരം കൈവരുന്നതാണെന്നും സി എസ് നാഗേന്ദ്ര ഡി റാവു പറഞ്ഞു.ഇന്റര്‍നാഷണല്‍ കമേര്‍ഷ്യല്‍ ഒളിംപ്യാഡ് നടത്തുന്നതിന് സയന്‍സ് ഒളിംപ്യാഡ് ഫൗണ്ടേഷനുമായി ധാരണപത്രം സമീപകാലത്ത് ഒപ്പു വെച്ചതും റാവു ചൂണ്ടിക്കാട്ടി. ഐസിഎസ്ഐ സമീപകാലത്ത് ഏറ്റെടുത്ത മറ്റു പ്രധാന പദ്ധതികളില്‍ പ്രമുഖ സ്ഥാനം 2020-ലെ കമ്പനി സെക്രട്ടറി നിയമ ഭേദഗതിയുടെ 46ബിഎ, 46ബിബി വകുപ്പുകള്‍ പ്രകാരമുള്ള പരിശീലനം നല്‍കുന്ന സ്‌കീം ആണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മാസത്തെ എക്സിക്യൂടീവ് ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള 21-മാസത്തെ പ്രായോഗിക പരിശീലനം, അതു കഴിഞ്ഞുള്ള കോര്‍പറേറ്റ് ലീഡര്‍ഷിപ്പ് പരിശീലനം എന്നിവയാണ് ഈ പദ്ധതിയുടെ സുപ്രധാന ഭാഗങ്ങള്‍.കമ്പനി സെക്രട്ടറിമാരുടെയും അതിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളുുടെയും തൊഴില്‍പരവും, വ്യക്തിപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുളള ഒട്ടനവധി പഠന-പരിശീലന പ്രോഗ്രാമുകള്‍ ഓണ്‍ലൈനായും അല്ലാതെയും ഐസിഎസ്ഐ സമീപകാലത്ത് ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഹൃസ്വകാല-ദീര്‍ഘകാല കോഴ്സുകള്‍ വിവിധ മേഖലകളില്‍ ലഭ്യമാണെന്നും റാവു പറഞ്ഞു.

Tags:    

Similar News