കേരളത്തില്‍ രാജ്യത്തെ ആദ്യ ഹരിത ട്രക്കിങ് ഇടനാഴി; ദേശീയപാതകളില്‍ ചാര്‍ജിങ് ശൃംഖല ഒരുങ്ങുന്നു
പാലക്കാട്: രാജ്യത്ത് ആദ്യമായി കേരളത്തിലെ ദേശീയപാതകളില്‍ നിശ്ചിത ദൂരപരിധിയില്‍ വലിയ വാഹനങ്ങള്‍ക്കായി അതിവേഗ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകളുടെ ശൃംഖല ഒരുക്കുന്നു. ദേശീയപാത-66, ദേശീയപാത-544 എന്നിവയെ കേന്ദ്രീകരിച്ച് ചരക്കുവാഹനങ്ങള്‍ക്കായി 'ഹരിത ഇടനാഴി' (സീറോ എമിഷന്‍ ട്രക്കിങ് കോറിഡോര്‍) സ്ഥാപിക്കുന്നതിനാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കെഎസ്ഇബി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിനായി വൈദ്യുത ട്രക്കുകളും ബസുകളും പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഹരിത ഇടനാഴി പദ്ധതി നടപ്പാക്കുന്നത്.
ഒരേസമയം 20 വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്ന അതിവേഗ ചാര്‍ജിങ് ഹബ്ബുകളാണ് സ്ഥാപിക്കുക. ഡ്രൈവര്‍മാര്‍ വിശ്രമത്തിനായി ട്രക്കുകള്‍ പതിവായി നിര്‍ത്തിയിടുന്ന കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍, ചന്തകള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, ലോറി-ബസ് ബുക്കിങ് ഓഫീസുകള്‍ എന്നിവയ്ക്ക് സമീപമായിരിക്കും ചാര്‍ജിങ് സ്‌റ്റേഷനുകള്‍. മഹാരാഷ്ട്രയിലെ പനവേലില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ദേശീയപാത-66ന്റെ ഏകദേശം 650 കിലോമീറ്റര്‍ ദൂരം കേരളത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ പ്രധാന ചരക്കുനീക്ക പാതകളിലൊന്നായ ഈ ദേശീയപാതയിലാണ് ആദ്യഘട്ടത്തില്‍ ഹരിത ഇടനാഴി രൂപീകരിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രങ്ങളാക്കിയാണ് എന്‍എച്ച്-66ല്‍ പദ്ധതി നടപ്പാക്കുക.
അതേസമയം, കൊച്ചിയെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത-544ല്‍ കൊച്ചി, തൃശൂര്‍, പാലക്കാട് മേഖലകളെ ബന്ധിപ്പിച്ചാകും ഹരിത ഇടനാഴി ഒരുക്കുക. ഈ പദ്ധതിയിലൂടെ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുകയും കാര്‍ബണ്‍ ഉല്‍സര്‍ജനം ഗണ്യമായി കുറയ്ക്കുകയും ചെയ്യാനാകുമെന്ന് വിലയിരുത്തുന്നു.
