മീഡിയവണ്‍ വിലക്ക്: വിയോജിപ്പുകളെ വിലക്കേര്‍പ്പെടുത്തി ഇല്ലാതാക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2022-02-09 08:53 GMT

റിയാദ്: ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും സുപ്രധാനമായ അവകാശങ്ങളായ അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്യത്തിനുമെതിരെയുള്ള കടന്നു കയറ്റമാണ് മീഡിയ വണ്ണിനെതിരെയുള്ള ഫാഷിസ്റ്റു നടപടിയെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം.

ഭരണകൂട ഭീകരതക്കെതിരില്‍ ശബ്ദിക്കുന്നവരേ നിശബ്ദരാക്കാനും, അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭരണ സ്വാധീനമുപയോഗിച്ച് ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഫാഷിസ്റ്റുകളുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിയോജിപ്പുകളോടുള്ള ഭയം ഇന്ത്യയിലെ ഫാഷിസ്റ്റുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് ഭരണകൂടത്തിനെതിരേ ശബ്ദം ഉയര്‍ത്തുന്നവരെ കൃത്യമായി ലക്ഷ്യം വച്ചുകൊണ്ട് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വിയോജിപ്പുകളെ ഉള്‍ക്കൊള്ളുന്ന സംവാദാത്മക ജനാധിപത്യവ്യവസ്ഥിതികളില്‍ നിന്ന് ബഹുദൂരം വഴിമാറി വിയോജിപ്പുകളെ വിലക്കേര്‍പ്പെടുത്തി ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസ്താവിച്ചു.

ഭരണകൂട ഫാസിസത്തെ പരോക്ഷമായി പിന്തുണക്കുന്ന നീതിന്യായ കോടതികളുടെ മൗനം ആശങ്കയുളവാക്കുന്നതും നാം നിശബ്ദരായാല്‍ ഫാഷിസത്തിന്റെ കറുത്ത കരങ്ങള്‍ക്ക് ശക്തി വര്‍ദ്ധിക്കുകയേയുള്ളൂ എന്ന സത്യം നാം തിരിച്ചറിയണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് സൈദലവി ചുള്ളിയന്‍ പറഞ്ഞു.

Tags:    

Similar News