കശ്മീര്‍ വിഭജനത്തെ വിമര്‍ശിച്ച ചൈനയോട് ഭാഷ കനപ്പിച്ച് ഇന്ത്യ

ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ഇതിനോട് ഇന്ത്യ തിരിച്ചടിച്ചു.

Update: 2019-10-31 13:01 GMT

ന്യൂഡല്‍ഹി: പ്രത്യേക അവകാശത്തോടുകൂടിയ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ച നിലപാടിനെ വിമര്‍ശിച്ച ചൈനയുടെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് ഇന്ത്യ. മറ്റു രാഷ്ട്രങ്ങള്‍ എന്തുകൊണ്ടാണ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് ഇന്ത്യ ആശ്ചര്യം പ്രകടിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ബുധനാഴ്ച രാത്രിയോടെ കശ്മീര്‍ സംസ്ഥാനം ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി.

തങ്ങളുടെ ഭാഗമായ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ വിഭജനം നടത്തിയതെന്നാണ് ചൈനയുടെ വാദം. അത് രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അത് നിയമവിരുദ്ധവും അപ്രസക്തവുമാണ്. വിഭജനത്തോടെ തങ്ങളുടെ പ്രദേശങ്ങള്‍ ഇന്ത്യ കൈവശപ്പെടുത്തിയിരിക്കുകയാണ്- അദ്ദേഹം തുടര്‍ന്നു.

ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ഇതിനോട് ഇന്ത്യ തിരിച്ചടിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ച സമയത്ത് ചൈനീസ് വിദേശകാര്യ മന്ത്രിയുമായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ആഭ്യന്തര നടപടി മാത്രമാണെന്നും തീരുമാനം യഥാര്‍ത്ഥ നിയന്ത്രണരേഖയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം അവകാശപ്പെട്ടു. അതിര്‍ത്തിയെ സംബന്ധിച്ച് പുതിയ അവകാശവാദങ്ങളൊന്നും ഉയര്‍ത്തിയിട്ടുമില്ല അദ്ദേഹം തുടര്‍ന്നു.

അതേസമയം 1963 ലെ പാകിസ്താന്‍-ചൈന കരാറിലൂടെ തങ്ങളുടെ പല പ്രദേശങ്ങളും ചൈന കൈവശപ്പെടുത്തിയെന്ന ആരോപണവും ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്.

യുഎന്‍ വേദിയില്‍ കശ്മീര്‍ വിഭജനത്തെ പാകിസ്താന്‍ എതിര്‍ത്തിരുന്നു.  

Tags:    

Similar News