'ഇന്ത്യ നിരവധി വെടിവയ്പ്പുകള്‍ കണ്ടതല്ലേ?'; കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാവിന്റെ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് പ്രതിഷേധാര്‍ഹമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി . നിയമവാഴ്ച നടത്തുന്ന സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യ ഗവണ്‍മെന്റ് വരെ വലിയൊരു തിരുമാനമെടുക്കേണ്ട സമയത്താണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു വിഷയത്തെ നിസാര കാര്യം എന്നു പറയുന്നത്. അതു തന്നെ ശരിയായ ഒരു രീതീയല്ല. ഇനി അത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് എന്താ ഉറപ്പെന്നും ഇന്ത്യ നിരവധി വെടിവയ്പ്പുകള്‍ കണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. വിഷയം ശക്തമായി തന്നെ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും അതില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുല്‍ഗാന്ധിക്കതിരായ കൊലവിളിപ്രസംഗം നിസാര വിഷയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ആള്‍ക്കെതിരേ അത്രത്തോളം ഉന്നയിച്ചതിനുശേഷമാണ് ഒരു എഫ്‌ഐആറെങ്കിലും ഇടുന്നത്. എന്നാല്‍ പിണറായി വിജയനെ എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞയാളെ വച്ചിരിക്കുമോ എന്നും അയാളെയും അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൂട്ടിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫ് ഈ വിഷയത്തില്‍ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും രാഹുല്‍ ഗാന്ധിക്കെതിരേ നടക്കുന്ന ഏത് ഭീഷണിയും തങ്ങള്‍ എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. കൊടകര കുഴല്‍പ്പണക്കേസില്‍ എന്ത് സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടതല്ലേ എന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ നിറയൊഴിക്കും എന്ന് പറഞ്ഞത് നിസാര സംഭവമാണോ എന്ന ഒരൊറ്റ ചോദ്യം മാത്രമെ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളൂ എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
