ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ച് ഇന്ത്യ

രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി

Update: 2025-12-18 10:25 GMT

ധാക്ക: ബംഗ്ലാദേശിലെ രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഇന്ത്യ. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബംഗ്ലാദേശിലെ രാജ്ഷാഹിയിലും ഖുല്‍നയിലും രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങള്‍ ഇന്ത്യ അടച്ചുപൂട്ടിയത്. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ അടുത്ത കാലത്തുണ്ടായ ഭീഷണികളുടേയും ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകളുടേയും പശ്ചാത്തത്തിലാണ് നീക്കം. 'നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്ഷാഹി, ഖുല്‍ന എന്നിവിടങ്ങളിലെ വിസ അപേക്ഷാകേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാനായി മുന്‍കൂട്ടി അനുമതിയെടുത്ത എല്ലാ അപേക്ഷകര്‍ക്കും പിന്നീട് ഒരു സ്ലോട്ട് നല്‍കും.'- ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്റര്‍(ഐവിഎസി)വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ ഹൈക്കമ്മീഷണര്‍ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിളിച്ച് പ്രതിഷേധം അറിയിച്ചതിനു ശേഷമാണ് ഈ നീക്കം. ഏറ്റവും ഒടുവിലായി, ബംഗ്ലാദേശ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദപ്രയോഗമായ 'ഏഴ് സഹോദരിമാരെ' 'അറുത്തുമാറ്റും' എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 'ബംഗ്ലാദേശ് ജനതയുടെ സ്വാതന്ത്ര്യസമരത്തില്‍ വേരൂന്നിയതും വിവിധ വികസന, ജനകീയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്തിയതുമായ സൗഹൃദപരവുമായ ബന്ധമുണ്ട്. ബംഗ്ലാദേശിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഞങ്ങള്‍ അനുകൂലമാണ്. കൂടാതെ, സമാധാനപരമായ അന്തരീക്ഷത്തില്‍ നടക്കുന്ന സ്വതന്ത്രവും നീതിയുക്തവും സമഗ്രവും വിശ്വാസയോഗ്യവുമായ തിരഞ്ഞെടുപ്പുകള്‍ക്കായി ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Tags: