ലണ്ടനില്‍ സ്വതന്ത്ര ഖാലിസ്ഥാന്‍ റഫറണ്ടം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Update: 2021-11-13 09:42 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിച്ച ഖാലിസ്ഥാന്‍ സംഘടനയായ സിഖ് ഫോര്‍  ജസ്റ്റിസിന് പഞ്ചാബ് വിഭജനവുമായി ബന്ധപ്പെട്ട് റഫറണ്ടം നടത്താന്‍ അനുമതി നല്‍കിയതില്‍ കനത്ത പ്രതിഷേധമറിയിച്ച് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കഴിഞ്ഞ ഒക്‌ടോബര്‍ 31നായിരുന്നു ലണ്ടന്‍ ഡൗണ്‍ ടൗണില്‍ സിഖ് പ്രവാസികള്‍ റഫറണ്ടം സംഘടിപ്പിച്ചത്.

റഫറണ്ടത്തിന് അനുമതി നല്‍കിയതില്‍ ഇന്ത്യയുടെ പ്രതിഷേധം ബ്രിട്ടീഷ് സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ലോവ്ഗ്രൂവിനെ അജിത് ഡോവല്‍ അറിയിച്ചു.

മൂന്നാമതൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തില്‍ റഫറണ്ടം അനുവദിക്കുന്നതിലായിരുന്നു പ്രതിഷേധം. നവംബര്‍ മൂന്നിന് ലണ്ടനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലായിരുന്നു ഡോവലും സ്റ്റീഫന്‍ ലോവ്ഗ്രൂവും കണ്ടത്. 

പഞ്ചാബില്‍ ഇപ്പോള്‍ സമാധാനമാണ്. സിഖ് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് പോലും ലഭിച്ചില്ല. ഓരോ അഞ്ച് വര്‍ഷവും ഇത് നടക്കുന്നുണ്ട്-ഡോവല്‍ ബ്രിട്ടനെ അറിയിച്ചു. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് ശക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ സര്‍ക്കാരിന്റെ ഒത്താശയോടെയാണ് സിഖ് ഖാലിസ്ഥാനികള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം.

2004 മുതല്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ തന്ത്രപ്രധാനമായ രംഗത്ത് യോജിച്ച പ്രവര്‍ത്തനമുണ്ടെങ്കിലും കശ്മീര്‍, അഫ്ഗാനിസ്താന്‍, പഞ്ചാബ് തുടങ്ങിയ സുപ്രധാനമായ പ്രശ്‌നങ്ങളില്‍ ഇപ്പോഴും ബ്രിട്ടന്‍ മറുപക്ഷത്താണ്.

ബ്രിട്ടനില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ലൊവ്ഗ്രൂവ് ഡോവലിനോട് പറഞ്ഞു.

Tags:    

Similar News