മലപ്പുറം ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ അപര്യാപ്തത; എസ്ഡിപിഐ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു

Update: 2021-05-29 06:29 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ ജനസംഖ്യാനുപാതികമായി വാക്‌സിനേഷന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ. സി. നസീറാണ് കോടതിയെ സമീപിച്ചത്. അഡ്വ. സി. എം. ഇക്ബാലാണ് ഹരജി ഫയല്‍ ചെയ്തത്.

12 ലക്ഷം ജനങ്ങളുള്ള പത്തനംതിട്ടയില്‍ 42% ആളുകള്‍ക്കും വാക്‌സിന്‍ കിട്ടിയപ്പോള്‍ 48 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ വെറും 16% ആളുകള്‍ക്കേ സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ. കേരള ജനസംഖ്യയുടെ 12.97% മലപ്പുറം ജില്ലയിലാണ്. എന്നാല്‍ ആകെ വിതരണം ചെയ്ത വാക്‌സിന്റെ 7.58% മാത്രമാണ് മലപ്പുറം ജില്ലക്ക് നല്‍കിയത്. മലപ്പുറം ജില്ലയുടെ ആരോഗ്യ- വിദ്യാഭ്യാസ-വ്യവസായ രംഗത്തെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജനസംഖ്യാനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലക്ക് വിഭവങ്ങള്‍ വിതരണം ചെയ്യാത്തതാണ്. ജില്ലാ വിഭജനമെന്ന സുപ്രധാന ആവശ്യത്തോടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.

കൊവിഡ് പോലുള്ള മഹാമാരിയെ പ്രതിരോധിക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെ യുക്തിഭദ്രമായ നടപടികള്‍ സ്വീകരിക്കാതെ കടുത്ത നിയന്ത്രണങ്ങള്‍ മാത്രം അടിച്ചേല്‍പ്പിച്ച് പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടു തന്നെ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലക്ക് വാക്‌സിന്‍ നല്‍കാന്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ പൊതു താല്പര്യ ഹര്‍ജി നല്‍കിയത്. 

Tags: