പ്രകൃതിയുടെ പറുദീസയിലേക്കൊരു യാത്ര

Update: 2021-10-07 08:53 GMT

ഹിമാലയത്തിന്റെ മടിയില്‍, ഭൂമിയിലെ സ്വര്‍ഗം കാണാന്‍, അനുഭവമാകുന്ന കൗമാര കൗതുകത്തോടെ നടത്തുന്ന യാത്രാവിവരണം ആണ് റസാഖ് മഞ്ചേരിയുടെ പ്രകൃതിയുടെ പറുദീസയില്‍ എന്ന കൃതി. തേജസ് ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. കശ്മീര്‍ ലോകത്തിന്റെ ടൂറിസ്റ്റ് കൊതിയും മോഹവും ആണ്. വെടിയൊച്ചകള്‍ നിലയ്ക്കാത്ത ചരിത്രത്തുടര്‍ച്ചയുടെ അസ്വസ്ഥത ഓര്‍മപ്പെടുത്തുന്ന നാട്. ചരിത്രത്തില്‍ ക്രിസ്തുവിനു മുമ്പ്

2000 വര്‍ഷം മുതല്‍ രേഖപ്പെടുത്തപ്പെട്ട നാട്. അപൂര്‍വ പഴങ്ങള്‍, അനുഗ്രഹമായ ദേശം, മഞ്ഞുപെയ്യുന്ന രാപ്പകലുകളില്‍ ചങ്ക് ചിതറുന്ന വെടിയൊച്ചകളുടെ നിലവിളി മരവിപ്പിച്ച വര്‍ത്തമാനത്തില്‍ കൂടെയുള്ള യാത്രാ അനുഭവങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകന്റെ കണ്ണുകള്‍ തേടിയ കൗതുകങ്ങളുടെയും അനുഭവങ്ങളുടെയും അവാച്യമായ അനുഭൂതി, കശ്മീര്‍ കണ്ട് അനുഭവിച്ചു നടത്തുന്ന യാത്രയായി വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. മഞ്ഞണിഞ്ഞ താഴ് വരയും ദാല്‍ തടാകവും സൗന്ദര്യത്തിന് മഹാ കാഴ്ചകളും മനോഹരമായി കോറിയിട്ട അനുഭവക്കുറിപ്പാണിത്. കേരളാ എക്‌സ്പ്രസില്‍ കുലുങ്ങിയും കിതച്ചും ഇന്ത്യയുടെ ഇങ്ങേ അതിരില്‍ നിന്നും സമതലങ്ങളും മലനിരകളും പീഠഭൂമികളും താണ്ടി ഇന്ത്യയുടെ ഹൃദയത്തിലൂടെ സ്വര്‍ഗം തേടുന്ന അനുഭൂതി. 

പറുദീസകള്‍ തേടി പോകുന്നവര്‍ക്ക് കശ്മീര്‍ എന്നും ഒരു വിസ്മയമാണ്. പ്രകൃതി അതിന്റെ മാസ്മരിക സൗന്ദര്യം കൊണ്ട് സഞ്ചാരികളെ വിരുന്നൂട്ടുന്ന താഴ്‌വരയുടെ മണ്ണിലേക്ക് ഗ്രന്ഥകാരന്‍ നടത്തിയ യാത്രയിലെ ദിനാന്ത്യകുറിപ്പാണ് ഈ ഗ്രന്ഥം. യാത്ര വായനക്കാരനും അനുഭവവേദ്യമാക്കാനും വിധം ഹൃദ്യമായി പറഞ്ഞുപോവുമ്പോള്‍ ഓരോ യാത്രയും വലിയൊരു ജീവിതാനുഭവമാണെന്ന് നാം അറിയും. ഓര്‍മകള്‍ നിറയുന്ന കാര്‍ഗില്‍ യുദ്ധവും അജ്ഞാത കുഴിമാടങ്ങളുള്ള താഴ് വരയുമൊക്കെയാണ് കശ്മീര്‍. ഇതിഹാസതുല്യമായ സംസ്‌കൃതിയുള്ള ദാല്‍ തടാകം, അങ്ങനെ ഭക്ഷണ മഹാത്മ്യം മുതല്‍ ജീവിതം വരെ അനുഭവമാകുന്ന ലളിത വായനയാണ് ഈ കൃതി. രണ്ടായി പകുത്ത വര്‍ത്തമാനത്തില്‍, കര്‍ഫ്യൂ ഒഴിയാത്ത ജീവിതവ്യഥകളില്‍ അപരവല്‍ക്കരണത്തില്‍ നീറുന്ന കശ്മീര്‍, മുസ് ലിം സ്വത്വം പിടയുന്ന കല്‍ത്തുറുങ്കില്‍ എന്നപോലെ വിങ്ങുന്ന കശ്മീര്‍ ഹൃദയത്തിന്റെ സൗകുമാര്യതയുടെ താളം വീണ്ടെടുക്കുമെന്ന കൊതി ബാക്കിയാക്കിയാണ് ഈ അക്ഷരാനുഭവയാത്ര തുടരുന്നത്. ഒടുവില്‍ ബാക്കിയാവുന്ന മോഹമാണ് കശ്മീര്‍ ഈ വായന അനുഭവത്തില്‍. 126 പേജുള്ള പുസ്തകത്തിന് 130 രൂപയാണ് വില.  

റസാഖ് മഞ്ചേരി
തേജസ് ബുക്‌സ്, കോഴിക്കോട്
പേജ് 126
വില 130 രൂപ 

Tags: