ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു

ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗ്ധയായാണ് ചുമതലയേറ്റിരിക്കുന്നത്.

Update: 2019-01-08 07:24 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫസറുമായ കണ്ണൂര്‍ സ്വദേശി ഗീതയെ കഴിഞ്ഞ ഒക്ടോബറിലാണ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്. ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗ്ധയായാണ് ചുമതലയേറ്റിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഈ പദവിലെത്തുന്ന രണ്ടാമത്തെയാളാണ് ഗീതാ ഗോപിനാഥ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായ ആദ്യ ഇന്ത്യക്കാരന്‍. രാജ്യാന്തര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച ഗീതാ ഗോപിനാഥിന് അടുത്തിടെ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ് അംഗത്വവും ലഭിച്ചിരുന്നു.

അസാധാരണ വ്യക്തിത്വമാണ് ഗീതാഗോപിനാഥിന്റേതെന്നും അവരുടെ നേതൃത്വം ഐഎംഎഫിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് മാതൃകയാണെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീനെ ലഗാര്‍ഡെ പറഞ്ഞു. 2016ലാണ് ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുത്തത്. അദ്ദേഹം ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയപ്പോള്‍ ഗീതയെ കണ്ടിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ത്തന്നെ അവര്‍ തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന നവ ഉദാരവല്‍ക്കരണ നടപടികളെ പിന്തുണയ്ക്കുന്ന ഗീതയെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് വിവാദമായിരുന്നു.

Tags:    

Similar News