ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂപ്പുകുത്തുമെന്ന് ഐഎംഎഫ്

Update: 2020-01-20 18:07 GMT

വാഷിങ്ടണ്‍: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്നും 4.8 ശതമാനമാവുമെന്നും അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്) റിപോര്‍ട്ട്. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ഐഎംഎഫ് റിപോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചു.

    ഇന്ത്യയിലേയും മറ്റു വളര്‍ന്ന് വരുന്ന വിപണികളിലെയും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആഗോള വളര്‍ച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചു. ഇന്ത്യയുടെ 130 ബേസിസ് പോയിന്റ് താഴ്ത്തിയാണ് വളര്‍ച്ചാ നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമാണു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് ഐഎംഎഫ് അധികൃതര്‍ വ്യക്താക്കി. ഇന്ത്യയിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥ് പറഞ്ഞു. ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ ജനതയുടെ വരുമാനത്തിലുണ്ടായ മുരടിപ്പുമാണ് ഇതിന് പ്രധാനകാരണമെന്നും ഗീതാഗോപിനാഥ് പറഞ്ഞു.

   


ആഗോള സാമ്പത്തിക വളര്‍ച്ച 2019ലുണ്ടായിരുന്ന 2.9 ശതമാനത്തില്‍ നിന്ന് 2020ല്‍ 3.3 ശതമാനത്തിലേക്കും 2021ല്‍ 3.4 ശതമാനത്തിലേക്കും എത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 2019,2020, വര്‍ഷങ്ങളില്‍ 0.1 ശതമാനവും 2021ല്‍ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപോര്‍ട്ടില്‍ ഐഎംഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.




Tags: