മാധ്യമങ്ങളെ നയിക്കുന്നത് ഭയം; ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തുമെന്നും സ്പീക്കര്‍

സംവാദ വേദി എന്നതില്‍ നിന്ന് ആക്രോശ വേദികളായി ടിവി ചര്‍ച്ചകള്‍ മാറി

Update: 2022-08-11 08:39 GMT

തിരുവനന്തപുരം: ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുന്നത് ഭയമാണെന്ന് സ്പീക്കര്‍ എംബി രാജേഷ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തും. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം തോക്കിനും തുറുങ്കിനും ഇടയിലാണെന്നും സ്പീക്കര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്. പ്രധാന വാര്‍ത്തകളെ ലളിതവത്കരിക്കുന്നു. അപ്രധാന വാര്‍ത്തകളെ ഊതിപ്പെരുപ്പിക്കുന്നു. സഭയില്‍ പാസ് ചോദിച്ചത് ചര്‍ച്ചയാക്കിയവര്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ അറിഞ്ഞ മട്ട് കാണിച്ചില്ല. നിയമസഭയില്‍ മാധ്യമ വിലക്ക് എന്ന വാര്‍ത്ത പ്രശ്‌നങ്ങളെ ഊതിപെരുപ്പിക്കുന്നതിന്റെ ഉദാഹരണമാണ്. 10 മിനിറ്റ് കൊണ്ട് പരിഹരിച്ച പ്രശ്‌നമാണ്. പാസ് ചോദിച്ചതാണ് മാധ്യമ വിലക്കായി ചിത്രീകരിച്ചതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.

മുഖ്യധാരാ മാധ്യമങ്ങളും ഓഡിറ്റ് ചെയ്യപ്പെടണം. സംവാദവേദി എന്നതില്‍ നിന്ന് ആക്രോശ വേദികളായി ടിവി ചര്‍ച്ചകള്‍ മാറിയെന്നും എം.ബി രാജേഷ് വിമര്‍ശിച്ചു. 

Tags: