ഇടമലയാര്‍ ഡാം തുറന്നു

Update: 2022-08-09 04:46 GMT

കൊച്ചി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാം തുറന്നു. രാവിലെ 10 മണിയോടെ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ മണിക്കൂറുകളില്‍ 50 ക്യുമെക്‌സ് ജലവും പിന്നീട് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നുവിടുക. ഇടമലയാര്‍ ഡാമിന്റെ സംഭരണ ശേഷി 169 മീറ്ററാണ്. ഇടുക്കി ഡാമിന് പുറമേ ഇടമലയാര്‍ കൂടി തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. വെള്ളം ആദ്യം ഒഴുകിയെത്തുക ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തില്‍ പെരിയാറിലെത്തും. തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

രണ്ട് ഡാമുകളില്‍ നിന്നുള്ള ജലം പെരിയാറിലെത്തുമെങ്കിലും മഴ മാറി നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് അപകടകരമാം വിധം ഉയരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സജ്ജരായിരിക്കാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി പഞ്ചായത്തുകളില്‍ അനൗണ്‍സ്‌മെന്റുകള്‍ നടത്തി ആളുകളെ ബോധവല്‍ക്കരിക്കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദേശീയ ദുരന്തപ്രതികരണ സേനയുടെ 21 അംഗ സംഘം കൊച്ചിയിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ സേനയെ വിന്യസിക്കും. പെരിയാര്‍ നദിയിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ തുടരും.

Tags: