ഇന്ത്യയുടെ കൊവിഡ് സാംപിള്‍ പരിശോധനാശേഷി 10 ലക്ഷമായെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍

Update: 2020-08-25 16:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം 10 ലക്ഷം കൊവിഡ് സാംപിളുകള്‍ പരിശോധന നടത്താന്‍ കഴിയുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കൊവിഡ് വ്യാപനം ആരംഭിച്ച സമയത്ത് പ്രതിദിനം 10 സാംപിളുകള്‍ മാത്രം പരിശോധിച്ചിരുന്ന സമയത്താണ് ഈ വര്‍ധന.

രാജ്യത്ത് ഇപ്പോള്‍ 1,524 ലാബുകള്‍ ഉണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ലാബുകളിലാണ് പ്രതിദിനം ഒരു ദശലക്ഷം പരിശോധനകള്‍ നടത്തുന്നത്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ടെസ്റ്റിങ് കിറ്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

'' ഈയാഴ്ച നാം പ്രതിദിന പരിശോധനയുടെ എണ്ണം ഒരു ദശലക്ഷമായി വര്‍ധിപ്പിച്ചു. ജൂലൈയില്‍  10 സാംപിള്‍ പരിശോധനയില്‍ നിന്നാണ് ഒരു ദശലക്ഷത്തിലേക്ക് നാം വന്നത്. സൂക്ഷമമായും കണക്കുകൂട്ടിയുമാണ് നാമത് ചെയ്തത്. വിവിധ മന്ത്രാലയങ്ങളുടെ യോജിച്ചുളള പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയത്. നമ്മുടെ പരിശോധനാ ശേഷം വലിയ തോതില്‍ വര്‍ധിച്ചു. ജൂലൈ 30ന് 10 സാംപിള്‍ പരിശോധന നടത്താനാണ് ശേഷിയുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 10 ലക്ഷമായി''- അദ്ദേഹം പറഞ്ഞു.

ചില നഗരങ്ങളില്‍ പരിശോധനയ്ക്കായി മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി സ്റ്റാര്‍ട്ട്അപ്പുകള്‍ ഈ മേഖലയില്‍ വന്നിട്ടുണ്ട്. അത് പരിശോധനയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ആര്‍ടി-പിസിആര്‍ കിറ്റിന് മാര്‍ച്ചില്‍ 2000 രൂപയാണ് ചെലവ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ 300 രൂപയാണ് വില വരുന്നത്. 

കൊവിഡ് വാക്‌സിനുവേണ്ടിയുള്ള ശ്രമത്തില്‍ നമ്മുടെ രാജ്യവും പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ ഫെയ്‌സ് 2ബിയിലും ഫെയ്‌സ് 3യിലുമാണ്. ഭാരത് ബയോടെക്കിലും സിഡസ് കാഡിലാസിലും വാക്‌സിന്‍ പരിശോധന ഫെയ്‌സ് ഒന്ന് പൂര്‍ത്തിയായിക്കഴിഞ്ഞു.  

Tags: