ഞാന്‍ കാത്തിരിക്കുന്നു; മകന്‍ തിരിച്ചുവരുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ

Update: 2021-08-30 13:23 GMT

ന്യൂഡല്‍ഹി: തന്റെ മകന്‍ തിരിച്ചുവരുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ. ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് ജെഎന്‍യു കാംപസില്‍നിന്ന് നജീബ് അപ്രത്യക്ഷനായത്. നിര്‍ബന്ധിത തിരോധാനത്തിനു വിധേയമായ ഇരകളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചായിരുന്നു ഫാത്തിമ നഫീസയുടെ പ്രതികരണം. 

എബിവിപി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കത്തിനുശേഷം 2016 ഒക്ടോബറിലാണ് നജീബ് അഹ്മദിനെ ന്യൂഡല്‍ഹി ജെഎന്‍യു കാംപസില്‍ നിന്ന് കാണാതായത്.

രാജ്യത്തെ ഏറ്റവും പ്രമുഖ ഏജന്‍സിയായ സിബിഐയാണ് അന്വേഷിച്ചതെങ്കിലും നജീബിനെ കണ്ടെത്താനോ കേസില്‍ തുമ്പുണ്ടാക്കാനോ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജെഎന്‍യുവിലെ ബയോടെക്‌നോളജി മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു 31കാരനായ നജീബ്.

തന്റെ മകനെ വീണ്ടും കാണാനാവുമെന്നാണ് മാതാവ് ഫാത്തിമ നഫീസ ഇപ്പോഴും വിശ്വസിക്കുന്നത്.

തന്റെ മകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അവനെ ഏതെങ്കിലും ജയിലില്‍ അടച്ചിരിക്കുകയാണെന്നുമാണ് നഫീസ പറയുന്നത്. അവന്‍ തീര്‍ച്ചയായും തിരിച്ചുവരുമെന്നും അവര്‍ വിശ്വസിക്കുന്നു.

അഞ്ച് വര്‍ഷമായിട്ടും തന്റെ മകനെ കണ്ടെത്താനാവാത്തതില്‍ നഫീസക്ക് കടുത്ത പ്രതിഷേധമുണ്ട്. മകന്റെ തിരോധാനത്തിനു പിന്നില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു.

2016 ആഗസ്ത് 1നാണ് നജീബ് ജെഎന്‍യുവില്‍ ചേര്‍ന്നത്. അതേവര്‍ഷം ഒക്ടോബര്‍ 15ന് കാണാതായി.

കനയ്യകുമാറിന്റെയും നജീബിന്റെയും കേസുകള്‍ ജനങ്ങളില്‍ ഭയമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്നാണ് നഫീസ വിശ്വസിക്കുന്നത്. എന്നാന്‍ താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. 

Tags:    

Similar News