'നമ്മുടെ സര്‍ക്കാരിന്റെ നട്ടെല്ലില്ലാത്ത നടപടിയില്‍ ഞാന്‍ ലജ്ജിക്കുന്നു': ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് അരുന്ധതി റോയ്
ന്യൂഡല്‍ഹി: ഇറാനെതിരേ അമേരിക്കയും ഇസ്രായേലും നടത്തിയ പ്രകോപനരഹിതവും നിയമവിരുദ്ധവുമായ ആക്രമണത്തെക്കുറിച്ച് സംസാരിച്ച് എഴുത്തുകാരി അരുന്ധതി റോയ്. തീര്‍ച്ചയായും ഇത് ഗസയിലെ യുഎസ്-ഇസ്രായേല്‍ വംശഹത്യയുടെ തുടര്‍ച്ചയാണ്. പഴയ അതേ നാടകം ഉപയോഗിക്കുന്ന അതേ പഴയ വംശഹത്യക്കാര്‍ തന്നെയാണ്. സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു. ആശുപത്രികളില്‍ ബോംബിടുന്നു. പക്ഷേ ഗസയിലല്ല ഇറാനിലാണ്. ഈ പുതിയ യുദ്ധത്തിന്റെ രംഗം ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ വരെ വികസിച്ചേക്കാം. നമ്മള്‍ ആണവ ദുരന്തത്തിന്റേയും സാമ്പത്തിക തകര്‍ച്ചയുടേയും വക്കിലാണ്.
തീജ്വാലയില്‍ കത്തിയെരിയുന്ന തെഹ്റാന്‍, ഇസ്ഫഹാന്‍, ബെയ്റൂത്ത് എന്നീ നഗരങ്ങളെക്കുറിച്ച് സംസാരിക്കാതെ എങ്ങനെ ഒരുദിവസം കടന്നുപോകും? ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട അതേ രാജ്യം, ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളില്‍ ഒന്നിനെ ബോംബിട്ട് തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇറാനോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അമേരിക്ക, ഇസ്രായേല്‍, നമ്മുടെ ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ മാറ്റം ആവശ്യമുള്ള ഏതൊരു ഭരണകൂടത്തേയും മാറ്റേണ്ടത് ജനങ്ങള്‍ തന്നെയാണ്. അല്ലാതെ ലോകത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന, വീര്‍പ്പുമുട്ടുന്ന, നുണ പറയുന്ന, വഞ്ചിക്കുന്ന, അത്യാഗ്രഹികളായ, വിഭവങ്ങള്‍ കൊള്ളയടിക്കുന്ന, ബോംബ് വര്‍ഷിക്കുന്ന സാമ്രാജ്യത്വ ശക്തികളേയും അവരുടെ സഖ്യകക്ഷികളേയും കൊണ്ടല്ല.
ഇറാന്‍ അവരെ എതിര്‍ക്കുന്നു, ഇന്ത്യ ഭയപ്പെടുന്നു. നമ്മുടെ സര്‍ക്കാര്‍ എത്രമാത്രം ധൈര്യമില്ലാത്തതും നട്ടെല്ലില്ലാത്തതുമാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. വളരെക്കാലം മുന്‍പ് നമ്മള്‍ ഒരു ദരിദ്ര രാജ്യമായിരുന്നു. എങ്കിലും നമുക്ക് അന്ന് അന്തസുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വെറുപ്പും വിദ്വേശവും നിറഞ്ഞ സാമൂഹിക ക്രമമാണ് ചുറ്റും ഉള്ളത്. ഇവിടെ അഭിമാനവും അന്തസും ധൈര്യവും ഒന്നും തന്നെയില്ല.
മറ്റ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമ്പോള്‍ അമേരിക്കയെ അപലപിക്കാന്‍ കഴിയാത്ത, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള നമ്മള്‍ എങ്ങനെയുള്ള ആളുകളാണ്? അത് നമുക്ക് ചെയ്തുതരാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇറാനെ ആക്രമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പ്രധാനമന്ത്രി ഇസ്രായേലിലേക്ക് യാത്ര ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആലിംഗനം ചെയ്തു എന്നതിന്റെ അര്‍ത്ഥമെന്താണ്?
ട്രംപിന്റെ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രിംകോടതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ കര്‍ഷകരേയും തുണി വ്യവസായത്തേയും അക്ഷരാര്‍ത്ഥത്തില്‍ വിറ്റുകളയുന്ന ഒരു വലിയ വ്യാപാര കരാറില്‍ നമ്മുടെ സര്‍ക്കാര്‍ അമേരിക്കയുമായി ഒപ്പുവെച്ചതിന്റെ അര്‍ത്ഥമെന്താണ്? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ നമുക്ക് ഇപ്പോള്‍ 'അനുമതി' നല്‍കുന്നത്-എന്താണ് അര്‍ത്ഥമാക്കുന്നത്? വേറെ എന്തിനൊക്കെയാണ് നമുക്ക് അനുമതി വേണ്ടത്?
ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടേയുള്ള യുഎസ് രാഷ്ട്രീയക്കാര്‍ എല്ലാ ദിവസവും നമ്മളെ പരസ്യമായി പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രി നിഷ്‌കളങ്കമായ ചിരി ചിരിച്ചുകൊണ്ട് കെട്ടിപ്പിടിക്കുന്നു. ഗസയിലെ വംശഹത്യയുടെ മൂര്‍ദ്ധന്യത്തില്‍, പുറത്താക്കപ്പെട്ട ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരമായി ആയിരക്കണക്കിന് ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ചു. ഇന്ന് ഇസ്രായേലികള്‍ ബങ്കറുകളില്‍ അഭയം തേടുമ്പോള്‍, ആ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആ ഷെല്‍ട്ടറുകളില്‍ പ്രവേശനം നിഷേധിക്കുന്നതായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എന്താണിതിന്റെയൊക്കെ അര്‍ത്ഥം? ലോകത്തിലെ ഈ അപമാനകരവും, ലജ്ജയില്ലാത്തതും, മ്ലേച്ഛവുമായ സ്ഥലത്ത് ആരാണ് നമ്മെ തള്ളിവിട്ടതെന്നും അവര്‍ ചോദിച്ചു.

