ഹൈദര്‍പോറ 'ഏറ്റുമുട്ടല്‍': സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

Update: 2021-11-19 01:21 GMT

ശ്രീനഗര്‍: ഹൈദര്‍പോറയിലെ വിവാദമായ 'ഏറ്റുമുട്ടലില്‍' സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സംസ്‌കരിച്ചിടത്തുനിന്ന് പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി.

അല്‍താഫ് അഹ് മദിന്റെയും മുദസിര്‍ ഗുലിന്റെയും മൃതദേഹങ്ങളാണ് നിരവധി നാടകീയ സംഭവങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

ഇരുവരെയും വെടിവച്ചുകൊന്നതിനെതിരേ കശ്മീരില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അധികൃതര്‍ നിലപാടില്‍ അയവ് വരുത്തിയത്. അന്തിമോപചാരച്ചടങ്ങുകള്‍ രാത്രി തന്നെ നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

അല്‍ത്താഫ് അഹ്മദ് ഭട്ടും മുദസിര്‍ ഗുലും അടക്കം നാല് പേരാണ് കഴിഞ്ഞ ദിവസത്തെ വിവാദ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഹൈദര്‍പോറയിലെ വ്യാപാസമുച്ചയത്തിലാണ് സൈനിക നടപടിയുണ്ടായത്.

സുരക്ഷാ സേന തങ്ങളുടെ പ്രിയപ്പെട്ടവരെ ബോധപൂര്‍വം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചതോടെ സംസ്ഥാനത്ത് പ്രതിഷേധം അലയടിച്ചു. പ്രതിപക്ഷവും രംഗത്തെത്തി.

നീതി നടപ്പാകുന്നില്ല, ഓരോരുത്തരും അവരുടെ നിരപരാധിത്തം തെളിയിക്കാന്‍ നിര്‍ബന്ധിതരാണ്- മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ് ബൂബ മുഫ്തിയും രംഗത്തെത്തി. ഇവരെ പോലിസ് വീട്ടുതടങ്കലിലേക്ക് മാറ്റിയെന്നും റിപോര്‍ട്ടുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഹൈദര്‍പോറയില്‍ ബിസിനസ്സുകാരനായ മുദസിര്‍ ഗുല്‍, ദന്തഡോക്ടറായ അല്‍താഫ് ഭട്ട് എന്നിവരാണ് സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇരുവരും 'ഭീകരരുടെ സഹായി'കളാണെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്.

ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ ആവശ്യപ്പെട്ട് ഇരുവരുടെയും കുടുംബങ്ങള്‍ പ്രതിഷേധിച്ചെങ്കിലും പോലിസ് ബലം പ്രയോഗിച്ച് നീക്കി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കണമെന്നും സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം.

സായുധരും സുരക്ഷാസേനയും തമ്മില്‍ നടന്ന വെയിവയ്പില്‍ ഇരുവരും പെട്ടുപോവുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇരുവരും സായുധരുടെ സഹായികളാണെന്ന് പറഞ്ഞ് കൊലക്കുറ്റത്തില്‍ നിന്ന് ഊരാനാണ് സൈന്യം ശ്രമിച്ചത്.

Tags:    

Similar News