മാറാട് ജമീല നിര്യാതയായി; വിടവാങ്ങിയത് സഹന സമര പോരാളി

കോഴിക്കോടിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച മികച്ച പോരാളിയായിരുന്നു ജമീലയെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി

Update: 2019-12-29 17:00 GMT

കോഴിക്കോട്: മാറാട്ടെ സാമൂഹിക പ്രവര്‍ത്തകയും സമര പോരാളിയുമായിരുന്ന സീമാമൂന്റകത്ത് ജമീല(60) നിര്യാതയായി. കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ഏഴ് മണിക്ക് മാറാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ ഒന്‍പതിന് മാറാട് ഫാറൂഖ് പള്ളി ഖബര്‍സ്ഥാനില്‍.

രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് മാറാട്ടു നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള മനുഷ്യാവകാശ പോരാട്ടങ്ങളില്‍ മുന്‍ നിരയിലായിരുന്നു ജമീല. ആര്‍എസ്എസ് ഭീഷണിയെ തുടര്‍ന്ന് കടപ്പുറത്തു നിന്നും പലായനം ചെയ്യപ്പെട്ട മുസ്ലിം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും നീതി ലഭ്യമാക്കാനുമായി അവര്‍ ഏറെയലഞ്ഞു. മാറാട്ടെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സമയത്ത് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജമീല, എപിജെ അബ്ദുള്‍ കലാമിനു മുന്നില്‍ മാറാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജമീലയുടെ മകനും മകളുടെ ഭര്‍ത്താവും രണ്ടാം മാറാട് കലാപക്കേസില്‍ അകപ്പെട്ട് ജയിലിലായിരുന്നു. മകന്‍ കമറുദ്ദീന്‍, മകളുടെ ഭര്‍ത്താവ് ലത്തീഫ് എന്നിവര്‍ ഇപ്പോള്‍ സുപ്രിം കോടതി ജാമ്യത്തിലാണ്.

ഏക മകനും മകളുടെ ഭര്‍ത്താവും കേസിലകപ്പെട്ട് ജയിലിലായപ്പോഴും മാറാട്ടെ മറ്റു കുടുംബങ്ങളുടെ കണ്ണീരൊപ്പാനാണ് ജമീല ശ്രമിച്ചത്.

രണ്ടാം കലാപത്തെ തുടര്‍ന്ന് മാറാട്ടെ മുസ്ലിം വീടുകളിലെ പുരുഷന്‍മാരും ജയിലിലടക്കപ്പെട്ടിരുന്നു. അരയ സമാജത്തിന്റെയും ആര്‍എസ്എസിന്റെയും ഭീഷണിയെ തുടര്‍ന്ന് സ്ത്രീകള്‍ക്കു പോലും പുറത്തിറങ്ങാനാവാതിരുന്ന കടപ്പുറത്ത് ജമീലയുടെ നേതൃത്വത്തില്‍ ധീരമായ മനുഷ്യാവകാശ പോരാട്ടങ്ങളാണു നടന്നത്. അവരുടെ ശ്രമഫലമായാണ് മാറാട് പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ സ്പർശം പദ്ധതി ആരംഭിച്ചത്.

കോഴിക്കോടിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച മികച്ച പോരാളിയായിരുന്നു ജമീലയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. എസ്ഡിപിഐ നേതാക്കള്‍ ജമീലയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.


Tags:    

Similar News