ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ആന്ധ്രാ സ്വദേശി മരിച്ചു

Update: 2022-12-29 02:22 GMT

ആലപ്പുഴ: ചുങ്കം പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഢി (55) ആണ് മരിച്ചത്. മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. ജെട്ടിക്ക് സമീപം നിര്‍ത്തിയിട്ട ഹൗസ്‌ബോട്ടാണു മുങ്ങിയത്. സംഭവസമയത്ത് ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് വിനോദസഞ്ചാരികളും ഒരു ജീവനക്കാരനും ബോട്ടിലുണ്ടായിരുന്നു. വെള്ളം കയറി തുടങ്ങിയപ്പോള്‍ മറ്റു ബോട്ടിലെ ജീവനക്കാരെത്തി ഇവരെ പുറത്തെടുത്തു.

അഞ്ചുപേരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് നാലുപേരും ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലിസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ബോട്ടില്‍ പരിശോധന നടത്തുകയാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയെന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത് എന്നാണ് വിവരം. സുനന്ദന്‍ എന്ന ഹൗസ് ബോട്ട് ജീവനക്കാരനാണ് സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നത്.

Tags: