മലപ്പുറത്ത് കൊവിഡ്‌ ഹോമിയോ പ്രതിരോധ മരുന്നിന് പണം ഈടാക്കുന്നു

സംസ്ഥാനത്ത് ഒരിടത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന് പണം ഈടാക്കുന്നില്ലെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍ വിജയാംബിക പറഞ്ഞു.

Update: 2020-08-11 07:24 GMT

മലപ്പുറം: സൗജന്യമായി ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡിനുള്ള ഹോമിയോ പ്രതിരോധ മരുന്നിന് മലപ്പുറത്ത് പണം ഈടാക്കുന്നു. സംസ്ഥാനത്ത് എല്ലായിടത്തും തികച്ചും സൗജന്യമായി വിതരണം ചെയ്യുന്ന ആഴ്‌സനിക് ആല്‍ബം എന്ന പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നിനാണ് മലപ്പുറം മുണ്ടുപറമ്പിലെ ഗവ. ഹോമിയോ ആശുപത്രിയില്‍ പണം ഈടാക്കുന്നത്. നിത്യവും നൂറിലേറെ പേര്‍ ആശ്രയിക്കുന്ന ഹോമിയോ ആശുപത്രിയാണ് ഇത്. ഹോമിയോ പ്രതിരോധമരുന്നിന് ചെല്ലുന്നവര്‍ റിസപ്ഷനിലും മരുന്നു വിതരണ കേന്ദ്രത്തിലും പേരും ഫോണ്‍ നമ്പറും നല്‍കിയ ശേഷം മരുന്ന് വിതരണം ചെയ്യുമ്പോള്‍ പത്തുരൂപ ചോദിച്ചുവാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് റസീപ്റ്റും രേഖകളുമൊന്നും നല്‍കുന്നുമില്ല. ഓരോ ദിവസവും എത്രരൂപ ഇത്തരത്തില്‍ പിരിച്ചെടുത്തു എന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിക്കാത്ത തരത്തിലാണ് അനധികൃത പണപ്പിരിവ്.

സൗജന്യമായി നല്‍കേണ്ട മരുന്നിന് പണം ഈടാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആശുപത്രി സൂപ്രണ്ട് നല്‍കിയ മറുപടി ആശുപത്രി വികസന ഫണ്ടിലേക്കാണ് പണം ഈടാക്കുന്നത് എന്നായിരുന്നു. ഡോക്ടറെ കാണാന്‍ ഒപി ടിക്കറ്റെടുക്കുന്നവരില്‍ നിന്നും സാധാരണയായി മിക്ക ആശുപത്രികളും വികസന ഫണ്ടിലേക്ക് പണം ഈടാക്കാറുണ്ട്. ഇതിന് റസീപ്റ്റ് നല്‍കാറുമുണ്ട്.എന്നാല്‍ ഡോക്ടറെ കാണുകയോ, ഒ പി ടിക്കറ്റ് എടുക്കുകയോ വേണ്ടാത്ത, പ്രതിരോധ മരുന്നിന് മാത്രമായി വരുന്നവരില്‍ നിന്നും റസീപ്റ്റ് പോലും നല്‍കാതെ പണം ഈടാക്കുന്നത്‌ തികച്ചും നിയമവിരുദ്ധ നടപടിയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനത്ത് ഒരിടത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന് പണം ഈടാക്കുന്നില്ലെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍ വിജയാംബിക പറഞ്ഞു. മലപ്പുറം മുണ്ടുപറമ്പിലെ ഗവ. ഹോമിയോ ആശുപത്രിയില്‍ പണം ഈടാക്കുന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അവര്‍ അറിയിച്ചു.




Tags:    

Similar News