പ്രവാചകനിന്ദ: ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദുത്വര്‍; ഹാഷ് ടാഗിലെ അക്ഷരത്തെറ്റിനെതിരേ പരിഹാസം

Update: 2022-06-06 15:05 GMT

ന്യൂഡല്‍ഹി: പ്രവാചനകനിന്ദക്കെതിരേ കടുത്ത രീതിയില്‍ പ്രതികരിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ ഹിന്ദുത്വരുടെ ബഹിഷ്‌കരണഭീഷണി. ഖത്തര്‍ എയര്‍വേയ്‌സിനെതിരേയാണ് ബഹിഷ്‌കരണാഹ്വാനം തുടങ്ങിവച്ചത്. #bycottquatarairways എന്ന ഹാഷ് ടാഹ് ട്വിറ്ററില്‍ ട്രന്റിങ്ങാണ്. ഹാഷ് ടാഗിലെ അക്ഷരത്തെറ്റിനെതിരേ ഹിന്ദുത്വവിമര്‍ശകരും രംഗത്തുവന്നു.

ടിവി ചര്‍ച്ചയില്‍ പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചാണ് ഹിന്ദുത്വസൈബര്‍ പോരാളികള്‍ രംഗത്തുവന്നിരിക്കുന്നത്.

തന്റെ പരാമര്‍ശത്തില്‍ നൂപുര്‍ ക്ഷമ ചോദിച്ചെങ്കിലും താന്‍ മതങ്ങളെ ആക്ഷേപിക്കാനും മതവികാരം വ്രണപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ചു.  ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ടു നടന്ന ടിവി ചര്‍ച്ചക്കിടയിലാണ് നൂപുര്‍ ശര്‍മ പ്രവാചകനിന്ദ നടത്തിയത്. 

നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരേ ഖത്തര്‍, ഇറാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കടുത്ത നിലപാടെടുത്തിരുന്നു. ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചു. അതിനുപിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ ബഹിഷ്‌കരണാഹ്വാനവും ഉണ്ടായി. അതോടെയാണ് ഇന്ത്യയിലും ഹിന്ദുത്വര്‍ ഖത്തര്‍ എയര്‍വേയ്‌സിനെതിരേ രംഗത്തുവന്നത്.

ഹിന്ദുക്കളുടെ ശക്തി കാണാന്‍പോകുന്നതേയുള്ളൂവെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

നമ്മുടെ രാജ്യത്ത് നിരോധിക്കാന്‍ കഴിയുന്ന ഖത്തര്‍, അറബ്, ഇറാന്‍ തുടങ്ങിയ കമ്പനികളുടെ പേര് പുറത്തുവിടാന്‍ മറ്റൊരു ട്വീറ്റര്‍ ഉപഭോക്താവായ വികാസ് പാണ്ഡെ ആവശ്യപ്പെട്ടു.

അതേസമയം ഇതിനെ പരിസഹിക്കുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഹാഷ് ടാഗില്‍ boycott എന്നതിനു പകരം bycott എന്ന് എഴുതിയതാണ് കാരണം.


 

Tags: