ഹിജാബ് നിരോധനം; ഹൈക്കോടതിയില്‍ വാദം തുടരുന്നു; മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി

Update: 2022-02-14 11:09 GMT

ബെംഗളൂരു; കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരേ ഏതാനും വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുന്നു. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കമ്മത്ത് ആണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരാവുന്നത്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് വേണ്ട വിധം ആലോചിച്ചുറപ്പിച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിരോവസ്ത്രം നിരോധിക്കുന്ന ഒരു നിയമം പോലുമില്ലെന്ന് കമ്മത്ത് പറഞ്ഞു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള അധികാരം കോളജ് വികസന സമിതിക്കില്ല. അങ്ങനെയൊരു നിയമവുമില്ല. ചില എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാണ് പാസ്സാക്കിയിരിക്കുന്നത്. കോളജ് പാനലുകള്‍ക്ക് ശിരോവസ്ത്രകാര്യത്തില്‍ അധികാരം നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ എത്രയോ കാലമായി ശിരോവസ്ത്രം ധരിക്കുന്നുവെന്നും അദ്ദേഹം കോടതിയെ ഓര്‍മിപ്പിച്ചു.

മതത്തിന്റെ അനിഷേധ്യമായ കാര്യമേതാണെന്ന് തീരുമാനിക്കാന്‍ പുറത്തുള്ളവര്‍ക്ക് അവകാശമില്ല. ഭരണകൂടം പുറത്തുള്ള ഏജന്‍സിയാണ്. ഓരോ മതത്തിനും എഴുതിയ നിയമങ്ങള്‍ മാത്രമല്ല, ആചാരങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. വസ്ത്രത്തില്‍ മാത്രമല്ല, ഭക്ഷണത്തിനും അതുണ്ട്- അദ്ദേഹം വാദിച്ചു. 

ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഹിജാബ് പിന്തിരിപ്പന്‍ ആണെന്ന് ഞാന്‍ കരുതിയേക്കാം, സ്‌കൂളുകളില്‍ യൂനിഫോം വേണമെന്നും തോന്നിയേക്കാം. എന്നാല്‍ എന്റെ കാഴ്ചപ്പാടുകള്‍ പ്രധാനമല്ല. ഞാന്‍ സമ്മതിക്കുകയുമില്ലായിരിക്കാം. അതൊന്നും പ്രശ്‌നമല്ല. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടാണ് പ്രധാനം- അദ്ദേഹം പറയുന്നു. 

Tags: