കോടതി നിര്‍ദേശം നടപ്പാക്കിയില്ല; 100 വൃക്ഷത്തൈകള്‍ നടാന്‍ വ്യവസായ വകുപ്പ് ഡയറക്ടറോട് ഹൈക്കോടതി

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ബിജുവിനോട് കോടതി വൃക്ഷത്തൈകള്‍ നടാന്‍ നിര്‍ദേശിച്ചത്.വൃക്ഷത്തൈകള്‍ നടുന്നതിന് വേണ്ട സ്ഥലം നിര്‍ദേശിക്കാന്‍ വനംവകുപ്പിനോടും കോടതി നിര്‍ദേശിച്ചു.

Update: 2020-02-14 13:47 GMT

കൊച്ചി: കോടതി നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ നൂറ് വൃക്ഷത്തൈകള്‍ നടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ബിജുവിനോട് കോടതി വൃക്ഷത്തൈകള്‍ നടാന്‍ നിര്‍ദേശിച്ചത്.വൃക്ഷത്തൈകള്‍ നടുന്നതിന് വേണ്ട സ്ഥലം നിര്‍ദേശിക്കാന്‍ വനംവകുപ്പിനോടും കോടതി നിര്‍ദേശിച്ചു. വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലുളള കേസിലാണ് ഹൈക്കോടതിയുടെ അപൂര്‍വ്വ വിധി.

വിവിധ കെമിക്കല്‍സ് കമ്പനികളുടെ വില്‍പന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികള്‍ വ്യവസായവകുപ്പിന്റെ കൈവശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് ഡയറക്ടറായ കെ ബിജുവിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കെ ബിജു തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇത് ഹര്‍ജിക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ജസ്റ്റിസ് അമിത് രാവലിന്റെ വിധി.

കോടതി നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ നൂറ് വൃക്ഷത്തൈകള്‍ നടാനാണ് കെ ബിജുവിനോട് കോടതി ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ വനംവകുപ്പിനോടും കോടതി നിര്‍ദേശിച്ചു. കേസിന്റെ വാദത്തിനിടെ, വ്യവസായ വകുപ്പ് ഡയറക്ടറുടെ ശമ്പളത്തില്‍ 40,000 രൂപ കട്ട് ചെയ്യുമെന്നാണ് ജസ്റ്റിസ് ആദ്യം പറഞ്ഞത്. ഇതിനെ വ്യവസായ വകുപ്പിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്ന് കുഷ്ഠ രോഗ ആശുപത്രിയില്‍ സേവനം ചെയ്യട്ടെ എന്നായിരുന്നു അടുത്ത നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ കുഷ്ഠ രോഗം ഇല്ലെന്നും ഇതിന് മാത്രമായി ആശുപത്രി ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു വൃക്ഷത്തൈകള്‍ നടാന്‍ കോടതി ആവശ്യപ്പെട്ടത്.



Tags:    

Similar News