സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Update: 2026-02-20 05:10 GMT

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയും അനുബന്ധ ന്യൂനമര്‍ദ്ദവും സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ ശക്തിപ്പെടാന്‍ കാരണമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ സാധ്യത മുന്നില്‍ കണ്ടു കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും വൈദ്യുതി ആശയവിനിമയ ശൃംഖലകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ഗൗരവമായ നാശനഷ്ടങ്ങള്‍ വരുത്തിവെക്കാന്‍ ഇടയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടി.

കാര്‍മേഘം രൂപപ്പെടുന്ന ഘട്ടം മുതല്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇടിമിന്നല്‍ എല്ലായ്‌പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും അതോറിറ്റി വ്യക്തമാക്കി.

Tags: