റെഡ് അലര്‍ട്ട്: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എറണാകുളം ജില്ല പൂര്‍ണ്ണ സജ്ജമെന്ന് ജില്ലാ ഭരണകൂടം

അപകടകരമായ സാഹചര്യത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കും.ജില്ലയില്‍ വിവിധ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചിട്ടുണ്ട്.

Update: 2022-08-01 16:04 GMT

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. മഴക്കെടുതി നേരിടാനായി ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരിച്ച ക്രമീകരണങ്ങള്‍ കലക്ടര്‍ വിലയിരുത്തി. വിവിധ ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച കലക്ടര്‍ നിര്‍ദേശം നല്‍കി. അപകടകരമായ സാഹചര്യത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കും.ജില്ലയില്‍ വിവിധ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചിട്ടുണ്ട്. കടലില്‍ പോയിരിക്കുന്ന മല്‍സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ല. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എന്‍ഡിആര്‍എഫ് സംഘം ഇന്ന് രാത്രിയോടെ ജില്ലയിലെത്തും. കണയന്നൂര്‍ താലൂക്ക് ഓഫീസര്‍ക്കാണ് ക്രമീകരണ ചുമതല. തൃക്കാക്കര യൂത്ത് ഹോസ്റ്റലിലാകും ഇവര്‍ ക്യാംപ് ചെയ്യുക.

കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡുകളില്‍ ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ ഓടകള്‍ വഴി കൃത്യമായി കനാലുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണം ഉറപ്പാക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അപകടകരമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും മാറ്റി താമസിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

മലയോര മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ പഞ്ചായത്ത്,വില്ലേജ് തല ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളോടും സജ്ജമായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.കോതമംഗലം ഇടുക്കി റോഡില്‍ നീണ്ടപാറ പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ള പ്രദേശങ്ങള്‍ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. അപകട സാധ്യത കണക്കിലെടുത്തു ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കും. ജില്ലയിലെ എല്ലാ പ്രധാന നദികളും കൈവഴികളും കനാലുകളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്.

വെള്ളക്കെട്ട് സാധ്യത ഉള്ള പ്രദേശങ്ങളില്‍ ക്യാംപുകള്‍ക്കായുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും അവധികള്‍ റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കണം. ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്ന മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഓഫിസുകള്‍ക്ക് അടുത്ത് തന്നെ താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റോഡുകളിലെ കുഴികള്‍ അടക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലക്കുള്ളിലും ജില്ലക്ക് സമീപവുമുള്ള ഡാമുകളില്‍ നിലവില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പും നദികളിലെ ജലനിരപ്പും വിവിധ പ്രദേശങ്ങളില്‍ നിരീക്ഷിച്ചു വരികയാണ്.

ഉള്‍പ്രദേശങ്ങളിലേക്കുള്ള ആശയവിനിമയം സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്. ദുരിന്ത നിവാരണവുമായ ബന്ധപ്പെട്ട് മുഴുവന്‍ ക്രമീകരണങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്നുണ്ട്. പോലിസിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമും പ്രവന്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുല്ലശ്ശേരി കനാലിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞിട്ടുണ്ട്. ഇതുവഴി വെള്ളക്കെട്ട് കുറയ്ക്കാനും സാധിച്ചു. സിവില്‍ വോളന്റിയേഴ്‌സിന്റെ സഹകരണവും ഫയര്‍ഫോഴ്‌സ് ഏകോപിപ്പിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

അപകടഘട്ടത്തില്‍ തദ്ദേശ സ്ഥാപന തലത്തിലുള്ള ഏകോപനം സാധ്യമാക്കാന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാ9 ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍ക്ക് നി4ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി മൂന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കൊച്ചി മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതാ പ്രദേശങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാംപുകളും സജ്ജമാണ്. ആശുപത്രികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags: