''കൊന്നു കളഞ്ഞല്ലോ നിങ്ങളാ വിസ്മയത്തെ''- വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കുറിച്ച് ഒരധ്യാപകന്റെ ഹൃദയഭേദകമായ കുറിപ്പ്

ദലിത് പിന്നാക്ക ന്യൂപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉന്നതമായ വിദ്യാലയങ്ങളിലേക്ക് കടന്നുവരാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സംഘപരിവാര്‍. അതിന്റെ അവസാനത്തെ ഉദാഹണമാണ് തന്റെ കൊച്ച് സുഹൃത്ത് ഫാതിമ ലതീഫ് എന്നും അദ്ദേഹം എഴുതുന്നു.

Update: 2019-11-12 16:13 GMT

മിടുക്കിയായ ഒരു വിദ്യാര്‍ത്ഥി. ജീവിതത്തെ കുറിച്ചും ഈ ലോകത്തെ കുറിച്ചും ഏറെ ചിന്തിച്ചിരുന്നവള്‍. വായനക്കാരി, ചെറുപ്രായത്തില്‍ തന്നെ ആരെയും അമ്പരപ്പിക്കുന്ന അറിവ്. അതിനനുസരിച്ച പക്വത. പഠനത്തിലും മികവ്. ഐഐടിയിലെ സോഷ്യല്‍ സയന്‍സ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. ഇതൊക്കെ ഉണ്ടായിട്ടും അവള്‍ ആത്മഹത്യ ചെയ്തു. മദ്രാസ് ഐഐടിയിലെ സുദര്‍ശന്‍ പത്മനാഭന്‍ എന്ന ഒരു അധ്യാപകന്റെ വര്‍ഗീയമായ പീഡനമാണ് കൊല്ലത്തു നിന്നുള്ള ഫാതിമ ലതീഫ് എന്ന ഒന്നാം വര്‍ഷക്കാരിയായ മലയാളി പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത്.

പഠിപ്പിച്ചില്ലെങ്കിലും അവളെ ചെറുപ്രായത്തില്‍ തന്നെ അടുത്തുനിന്ന് കണ്ട ഒരു അധ്യാപകന്‍, എം ഫൈസല്‍, ഹൃദയവേദനയോടെയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ വേദനകള്‍ പങ്കുവച്ചത്. 

അദ്ദേഹം എഴുതുന്നു: ''ഫാതിമ ലതീഫ് എന്ന വിദ്യാര്‍ത്ഥി ഞാന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കൂട്ടിയിലേക്ക് ആകര്‍ഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളില്‍ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദര്‍ഭത്തിലാണ്. അതേ കാലത്തുതന്നെ ഞാന്‍ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടില്‍ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങള്‍ വിസ്മയിച്ചിട്ടുണ്ട്.''

പക്ഷേ, ഐഐടിയില്‍ മികച്ച റാങ്കടെ പഠിക്കാന്‍ ചേര്‍ന്നതോടെ അവളുടെ ജീവിതം മാറിമറിഞ്ഞു. വര്‍ഗീയവാദിയായ ഒരു അധ്യാപകന്‍ അവളെ തള്ളിവിട്ടത് മരണത്തിലേക്കാണ്. ഒരധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിക്കു മുകളില്‍ വര്‍ഗീയമായ പക തീര്‍ക്കുക. സാധാരണ മനുഷ്യര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം.

അദ്ദേഹം തുടരുന്നു: ''ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകന്റെ വര്‍ഗീയമായ പകയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷവിത്തുകള്‍ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കള്‍ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേര്‍പാട് ഞങ്ങളെ പ്രത്യക്ഷത്തില്‍ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂര്‍ണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവില്‍ ഈ വേദനയില്‍ തിരിച്ചെത്തുന്നു. ഇന്ന് സ്‌കൂളില്‍ രാവിലെ ഈ വിഷയത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാന്‍ ആവതും നോക്കി. അതിനിടയില്‍ ഈ ദുരന്തം''

ദലിത് പിന്നാക്ക ന്യൂപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉന്നതമായ വിദ്യാലയങ്ങളിലേക്ക് കടന്നുവരാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ അവസാനത്തെ ഉദാഹണമാണ് തന്റെ കൊച്ച് സുഹൃത്ത് ഫാതിമ ലതീഫ് എന്നും അദ്ദേഹം എഴുതുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം ഈ ലിങ്കില്‍ വായിക്കാം

Full View

Tags:    

Similar News