പ്രകടനങ്ങള്‍ വിലക്കി മദ്രാസ് ഐഐടി: പിറകോട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിച്ചു വരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് മെയില്‍ അയച്ചു

Update: 2019-12-22 05:44 GMT

ചെന്നൈ: കാംപസിനുള്ളില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നടപടിക്കൊരുങ്ങി മദ്രാസ് ഐഐടി ഡീന്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിച്ചു വരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് മെയില്‍ അയച്ചു. എന്നാല്‍, ഐഐടി അധികൃതരുടെ നടപടി മൗലികാവകാശത്തിന് എതിരാണെന്നും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

വിലക്കിനെതിരേ കടുത്ത പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെ ഭാഗത്തനിന്നുമുണ്ടാകുന്നത്. മൗലികാവകാശങ്ങളുടെ ലംഘനമെണന്നും തങ്ങള്‍ക്കെതിരെയുള്ള അവകാശങ്ങള്‍ എടുത്തുകളയുന്നത് ഭരണഘടന വിരുദ്ധമാണന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. സമരം തുടരുമെന്നും പിന്തിരിയാന്‍ തയ്യാറല്ലന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസങ്ങളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ മദ്രാസ് ഐഐടി കാംപസിനുള്ളില്‍ നടന്നിരുന്നു. പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മദ്രാസ് സര്‍വകലാശാലയില്‍ പോലിസ് പ്രവേശിച്ചതിരെയും ഐഐടി വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിരുന്നു.


Tags: