സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതം ; പ്രസ്താവനയിറക്കി ആരോഗ്യവകുപ്പ്

Update: 2025-07-04 10:38 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പ്രസ്താവനയിറക്കി ആരോഗ്യവകുപ്പ്. പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായുള്ള ആശുപത്രി സുരക്ഷ പദ്ധതി (Hospital Safety Plan) നിലവിലുണ്ടെന്നും പദ്ധതിയുടെ രൂപരേഖയും മാർഗനിർദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനിച്ചിട്ടു ണെന്നും ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തി കഴിഞ്ഞെന്നും ഓഫീസ് വ്യക്തമാക്കി. പോലിസും, ഫയർഫോഴ്‌സുമായി ചേർന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈനും പ്രഖ്യാപിച്ചു. എന്നിട്ടും ആരോഗ്യ സംവിധാനത്തിനെതിരേ വരുന്ന പല വാർത്തകളും നുണ പ്രചരണങ്ങളാണെന്നും ആരോഗ്യവകുപ്പിൻ്റെ ഓഫീസ് കൂട്ടിചേർത്തു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ആവശ്യമായ രൂപരേഖയും മാർഗനിർദേശങ്ങളും തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജൂൺ 26ന് ചേർന്ന സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശീലനങ്ങൾക്കായി തുക അനുവദിച്ചിട്ടുമുണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags: