വിദ്യാര്‍ഥികളോടെപ്പം നൃത്തം ചെയ്തതിന് പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2026-03-07 07:32 GMT

ഗഡ്വാ: ജാര്‍ഖണ്ഡിലെ ഗഡ്വാ ജില്ലയില്‍ വിഗ്യാര്‍ഥികളോടൊപ്പം ഗാനത്തിന് നൃത്തം ചെയ്തതിന് സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അസിസ്റ്റന്റ് അധ്യാപകര്‍ക്കെതിരേയും വകുപ്പ്തല നടപടി ആരംഭിച്ചു. വിദ്യാലയത്തിലെ യാത്രയയപ്പ് ചടങ്ങിനിടെ പെണ്‍കുട്ടികളോടൊപ്പം ഡിജെ ഗാനത്തിന് നൃത്തം ചെയ്തതാണ് പരാതിക്ക് ഇടയായത്.

മെറാള്‍ ബ്ലോക്കിലെ സോഹ്ബാരിയയിലെ അപ്‌ഗ്രേഡഡ് മിഡില്‍ സ്‌കൂളില്‍ മാര്‍ച്ച് ഒന്നിന് നടന്ന വിടവാങ്ങല്‍ ചടങ്ങിനിടെയാണ് സംഭവം. എട്ടാം ക്ലാസിലെ കുട്ടികളോടൊപ്പം ഹെഡ്മാസ്റ്ററും രണ്ട് അസിസ്റ്റന്റ് അധ്യാപകരും ചേര്‍ന്ന് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന ഡിജെ സംഗീതത്തില്‍ നൃത്തം ചെയ്യുകയായിരുന്നു. അന്വേഷണ റിപോര്‍ട്ടില്‍ സംഗീതത്തെ 'വള്‍ഗര്‍ മ്യൂസിക്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെയ്‌സര്‍ റാസ അറിയിച്ചു.

സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കുണ്‍ദന്‍ കുമാര്‍ രഞ്ജനെ ജാര്‍ഖണ്ഡ് ഗവണ്‍മെന്റ് സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഉടന്‍ സസ്‌പെന്‍ഡ് ചെയ്തതായി ഡിഇഒ വ്യക്തമാക്കി. അധ്യാപകരായ പുരുഷോത്തം പണ്ഡിത്ത്, സുഭേഷ്വര്‍ റാം എന്നിവര്‍ക്കെതിരേയും വകുപ്പ്തല നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്.

Tags: