ഹഥ്രാസ് ബലാല്‍സംഗക്കേസിലെ ഇരയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണം; യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി

Update: 2022-07-28 07:44 GMT

ലഖ്‌നോ: ഹഥ്രാസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍നല്‍കണമെന്ന് യുപി സര്‍ക്കാരിന് യുപി ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വകുപ്പിലോ സ്ഥാപനത്തിലോ മൂന്ന് മാസത്തിനകം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് നിര്‍ദേശിച്ചത്.

2020 സെപ്തംബര്‍ 30ന് ഇരയുടെ കുടുംബത്തിന് രേഖാമൂലം നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സംസ്ഥാന അധികാരികളോട് ബെഞ്ച് നിര്‍ദേശിച്ചിട്ടുളളത്. കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുനരധിവാസവും കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണക്കിലെടുത്ത് ഇരയുടെ കുടുംബത്തെ ഹഥ്രാസിന് പുറത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക മാറ്റുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജന്‍ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനത്തോട് നിര്‍ദേശിച്ചു.

വീട്ടുകാരുടെ സമ്മതമില്ലാതെ ഇരയുടെ അന്ത്യകര്‍മങ്ങള്‍ അര്‍ദ്ധരാത്രിക്ക് ശേഷം തിടുക്കത്തില്‍ നടത്തിയതിനെതിരേ നല്‍കിയ പൊതുതാല്‍പര്യഹരജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. 'മാന്യവും അന്തസ്സോടെയുമുളള അന്ത്യകര്‍മങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്.

ഹഥ്രാസിനു പുറത്ത് ജോലിയും പുനരധിവാസവും വേണമെന്ന് ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഇരയുടെ സഹോദരങ്ങളും പിതാവും തൊഴിലില്ലാത്തവരായി മാറിയെന്നും കുടുംബത്തിന് ഉപജീവനത്തിനായി തുച്ഛമായ കൃഷിഭൂമിയുണ്ടെന്നും കുടുംബം കോടതിയില്‍ ബോധിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹഥ്രാസില്‍ സാധാരണ ജീവിതം നയിക്കാന്‍ പ്രയാസമുണ്ടെന്നും കുടുംബം അറിയിച്ചു.

പോലിസ് ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട വിനയ് തിവാരിയുടെയും മനീഷ് ഗുപ്തയുടെയും ഭാര്യമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി അനുവദിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വന്‍ നഷ്ടപരിഹാര തുകയും നല്‍കിയെന്നും അലഹബാദ് ഹൈക്കോടതിയുടെ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

വിചാരണയില്‍ സാക്ഷികള്‍ക്ക് യാത്രാ ചെലവ് നല്‍കാനും ഹഥ്രാസ് ജില്ലാ മജിസ്‌ട്രേറ്റിനോട് ബെഞ്ച് നിര്‍ദേശിച്ചു.

Tags:    

Similar News