ഹാഥ്‌റസ്: പോലിസ് വാദം പൊളിച്ച് റിപോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാരെ തല്‍സ്ഥാനത്തുനിന്ന് നീക്കി

Update: 2020-10-21 03:16 GMT

ലഖ്‌നോ: ഹാഥ്‌റസില്‍ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ പോലിസ് വാദം പൊളിച്ച് റിപോര്‍ട്ട് നല്‍കിയ അലിഗഢ് മുസ് ലിം സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍മാരെ തല്‍സ്ഥാനത്തുനിന്ന് നീക്കി.

ഡോക്ടര്‍മാരിലൊരാള്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി റിപോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാമത്തെ ഡോക്ടര്‍ ഹാഥ്‌റസുമായി ബന്ധപ്പെട്ട് റിപോര്‍ട്ടുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിട്ടില്ലെന്നായിരുന്നു യുപി പോലിസിന്റെ വാദം.

സിബിഐ പ്രത്യേക അന്വേഷണ സംഘം ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് നടപടി.

ഡോക്ടര്‍മാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ നിരവധി സ്ഥിരം ഡോക്ടര്‍മാര്‍ അസുഖബാധിതരായ സാഹചചര്യത്തിലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചതെന്നും അവരെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് സാധാരണ നടപടിയാണെന്നും അധികൃതര്‍ അവകാശപ്പെട്ടു. അതേസമയം തങ്ങള്‍ ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പോലിസ് നിലപാടിനെതിരേ ചോദ്യം ചെയ്യുന്ന റിപോര്‍ട്ട് നല്‍കിയതാണ് പൊടുന്നനെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു.

സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുമ്പ് പെണ്‍കുട്ടിയെ അലിഗഢ് ആശുപത്രിയിലാണ് ചികില്‍സ നല്‍കിയത്. സപ്തംബര്‍ 14ന് ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി സപ്തംബര്‍ 29ാം തിയ്യതി മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോലും കുടുംബത്തിന് നല്‍കാതെ പോലിസ് ഇടപെട്ട് സംസ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് യുപി സര്‍ക്കാരിനെതിരേ ഉയര്‍ന്നത്.

Similar News