സാമൂഹികമാധ്യമങ്ങളിലെ മതവിദ്വേഷ പരാമര്‍ശം; ബംഗ്ലാദേശില്‍ അഗ്നിക്കിരയാക്കിയത് ഇരുപതോളം ഹിന്ദു വീടുകള്‍

Update: 2021-10-18 13:43 GMT

ധക്ക: സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇരുപതോളം ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 66 വീടുകള്‍ തകര്‍ത്തിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തിലെ ഒരു ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഒരാള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

ധക്കയില്‍ നിന്ന് 255 കിലോമീറ്റര്‍ അകലെയാണ് സംഭവമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു വിഭാഗത്തില്‍ പെട്ട ഒരാളാണ് മതവിദ്വേഷപരമായ ഫേസ് ബുക്ക് പോസ്റ്റിട്ടത്. സംഭവം പുറത്തെത്തിയതോടെ പോലിസ് അയാളുടെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. പക്ഷേ, സംഘടിച്ചെത്തിയ അക്രമികള്‍ തൊട്ടടുത്ത വീടുകള്‍ കത്തിച്ചതായി പോലിസ് മേധാവി മുഹമ്മദ് ഖമറുസമാന്‍ പറഞ്ഞു.

29 വീടുകള്‍, രണ്ട് അടുക്കളകള്‍, രണ്ട് കളപ്പുരകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. 20 വൈക്കോല്‍ കൂനകളും കത്തിച്ചു. മജിപാറയില്‍ സംഘടിച്ചെത്തിയ ഏതാനും പേരാണ് അക്രമത്തിനു പിന്നില്‍. അഗ്നിശമന സേന എത്തിയശേഷമാണ് തീ അണച്ചത്.

ചിറ്റഗോങ്ങിലെ സുമില്ലയില്‍ ദുര്‍ഗപൂജ മണ്ഡപവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. മതവിദ്വേഷപരമായി ഒരു പരാമര്‍ശമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. സംഭവം പുറത്തുവന്നതോടെ പ്രദേശത്തെ ഒരു ക്ഷേത്രം അക്രമികള്‍ തകര്‍ത്തു. കുമില, ചന്ദ്പൂര്‍, ചാത്തോഗ്രാം, കോക്‌സ് ബസാര്‍, ബന്ദര്‍ബാന്‍, മൗല്‍വിബസാര്‍, ഗാസിപൂര്‍, ചാപൈനാവബ്ഗഞ്ച്, ഫെനി എന്നിവിടങ്ങളിലും അസ്വസ്ഥത പടര്‍ന്നുപിടിച്ചിട്ടുണ്ട്. നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു.

നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശി ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂനിറ്റി കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. 

Tags: