മുസ്‌ലിംകള്‍ക്കും പ്രവാചകനുമെതിരേ വിദ്വേഷപ്രസംഗം: കോയമ്പത്തൂരില്‍ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റില്‍

Update: 2021-02-02 07:31 GMT

കോയമ്പത്തൂര്‍: മുസിലിംകളെയും പ്രവാചനകനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ച ബിജെപി നേതാവിനെ മേട്ടുപ്പാളയം പോലിസ് കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘ് മുന്‍ ദേശീയ സെക്രട്ടറിയുമായ കല്യാണരാമനെയാണ് തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബിജെപി റാലിയില്‍ വച്ച് നടത്തിയ പ്രസംഗത്തിലാണ് കല്യാണരാമന്‍ പ്രാവചകനെയും മുസ്‌ല ിംസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്നരീതിയില്‍ വിദ്വേഷപ്രസംഗം നടത്തിയത്. അദ്ദേഹത്തെക്കൂടാതെ ബിജെപി കോയമ്പത്തൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ജഗന്നാഥന്‍, പാര്‍ട്ടി ഡിവിഷണല്‍ സെക്രട്ടറി സതീശ് കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുസ്‌ലിംകള്‍ തങ്ങളെ ആക്രമിക്കുമോയെന്ന് ഭയന്ന് ഗുജറാത്തിലെ ഹിന്ദുക്കള്‍ ബങ്കറുകളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ഒടുവില്‍ 2002ല്‍ നടന്ന കലാപത്തോടെയാണ് അതിന് അറുതിയായതെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രവാചകന്റെ പുരുഷത്വത്തെയും കല്യാണറാമന്‍ ചോദ്യം ചെയ്തു. സമാനമായ പ്രസ്താവന നേരത്തെയും കല്യാണരാമന്‍ നടത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ 2016ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരാളുടെ അറിവും വിവരവും വച്ചുകൊണ്ട് ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് മതനിന്ദയുടെ പരിധിയില്‍ വരില്ലെന്നാണ് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. പ്രസംഗത്തിനു ശേഷം മേട്ടുപ്പാളയത്ത് സംഘര്‍ഷമുണ്ടായതാണ് ഇത്തവണത്തെ അറസ്റ്റിന് കാരണമായത്.

മേട്ടുപ്പാളയത്ത് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കല്യാണരാമന്‍ മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജനുവരി 26ന് എസ്ഡിപിഐ നടത്തിയ യോഗത്തിനെതിരേയായിരുന്നു ബിജെപിയുടെ പൊതുയോഗം. പ്രസംഗത്തിലെ വിദ്വേഷപരാമര്‍ശം യോഗസ്ഥലത്ത് സംഘര്‍ഷത്തിന് കാരണമായി. പോലിസ് ഇടപെട്ടതോടെ ചെറിയ തോതില്‍ ലാത്തിച്ചാര്‍ജും നടന്നു.

വിവിധ മുസ്‌ലിം സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കല്യാണരാമനെ അറസ്റ്റ് ചെയ്തതെന്ന് മേട്ടുപ്പാളയം പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ ശിവകുമാര്‍ പറഞ്ഞു. കല്യാണരാമനോടൊപ്പം അറസ്റ്റിലായവരും മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതായും സംഘടകളുടെ പരാതിയിലുണ്ട്.

നിരവധി കാലങ്ങളായി മൂന്നു പേരും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഇടപെടുന്നുണ്ടെന്ന് മുസ്‌ലിം സംഘടനകളുടെ പരാതിയില്‍ പറയുന്നു.

ഐപിസി 147(കലാപശ്രമം), 148(ആയുധമുപയോഗിച്ച് കലാപം നടത്തല്‍), 149(നിയമവിരുദ്ധമായി കൂട്ടംചേര്‍), 504(ബോധപൂര്‍വം വിദ്വേഷപരാമര്‍ശം നടത്തി സംഘര്‍ഷം സൃഷ്ടിക്കല്‍), 506(2) കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

Tags:    

Similar News