ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആരോഗ്യ വകുപ്പ്

Update: 2020-07-06 18:56 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ജയപ്രകാശ് നാരായണ്‍ അപെക്‌സ് ട്രോമാ സെന്റര്‍ കെട്ടിടത്തില്‍ നിന്ന് കൊവിഡ് രോഗിയായ മാധ്യമപ്രവര്‍ത്തകന്‍ ചാടി മരിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹിയില്‍ ഒരു ഹിന്ദി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായ തരുണ്‍ സിസോദിയ എയിംസിലെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ ആരോഗ്യമന്ത്രി അനുശോചനമറിയിച്ചു. ദൈവം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ദുരന്തം സഹിക്കാനുള്ള ശക്തിനല്‍കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

എയിംസ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ചീഫ് ന്യൂറോ സര്‍ജന്‍ പ്രഫ. പദ്മ, സൈക്യാട്രി മേധാവി പ്രഫ. ആര്‍ കെ ചദ്ദ, ഡെപ്യൂട്ടി ഡയറക്ടര്‍ (അഡ്മിനസ്‌ട്രേഷന്‍) പാണ്ഡ, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലെ ഡോ. യു സിങ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം.

37 വയസ്സുള്ള മാധ്യമപ്രവര്‍ത്തകനെ ജൂണ്‍ 24നാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കു ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ജനറല്‍ വാര്‍ഡിലേക്ക് മാറ്റാനിരിക്കുകയുമായിരുന്നു. അതിനടിയിലാണ് ഇന്ന് ഉച്ചയോടെ വാര്‍ഡില്‍ നിന്ന് തരുണ്‍ ഇറങ്ങിയോടുകയും ചില്ല് ജാലകം തകര്‍ത്ത് താഴേക്ക് ചാടുകയും ചെയ്തത്. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ന് വൈകീട്ടാണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് തരുണ്‍ മരിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തരുണ്‍ ബ്രയിന്‍ ട്യൂമറിന് ചികില്‍സ തേടിയിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിച്ച ശേഷം അദ്ദേഹം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിതായും പറയുന്നു. അതിന്റെ ഭാഗമായി മരുന്നുകളും നല്‍കിയിരുന്നു. അതിനിടയിലാണ് കെട്ടിടത്തില്‍ നി്ന്ന് ചാടി ആത്മഹത്യ ചെയ്തത്.  

Tags: