അധ്യാപകന്റെ പീഡനം; പ്രിന്‍സിപ്പലിന്റെ ഓഫിസിനുമുന്നില്‍ തീകൊളുത്തി മരിച്ച് വിദ്യാര്‍ഥിനി
ഒഡീഷ: ക്യാംപസില്‍ തനിക്കെതിരേയുണ്ടായ പീഡനത്തിനെതിരേ നടപടിയെടുക്കാത്തതിനേ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസിന് പുറത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച് വിദ്യാര്‍ഥിനി. ബാലസോറിലെ ഫക്കീര്‍ മോഹന്‍ (ഓട്ടോണമസ്) കോളേജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്‌സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇന്ന് പുലര്‍ച്ചെ പ്രിന്‍സിപ്പലിന്റെ ഓഫfസിന് പുറത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 95 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേസില്‍ ആരോപണവിധേയരായ ബിഎഡ് വിഭാഗം വകുപ്പ് മേധാവി സമീര്‍ കുമാര്‍ സാഹു, കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ജൂലൈ ഒന്നിനാണ് കോളേജിലെ ആഭ്യന്തര പരാതി സമിതിക്ക് വിദ്യാര്‍ഥിനി താന്‍ നേരിട്ട ക്രൂരതകളെകുറിച്ച് കത്ത് നല്‍കിയത്. കത്തില്‍, വിദ്യാഭ്യാസ വകുപ്പ് മേധാവി സാഹുവിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഒരു അച്ചടക്ക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'കഴിഞ്ഞ കുറച്ചു മാസങ്ങളായി, ബിഎഡ് വിഭാഗത്തിന്റെ എച്ച്ഒഡി ആയ അസിസ്റ്റന്റ് പ്രൊഫസര്‍ സമീര്‍ കുമാര്‍ സാഹു എന്നെ മാനസികമായി പീഡിപ്പിക്കുന്നു. എന്നോട് ആയാള്‍ അയാളുടെ ലൈംഗികാവശ്യങ്ങള്‍ നടത്തികൊടുക്കണമെന്ന് ആവശ്യപ്പെടുകയും ,ഞാന്‍ അത് നിഷേധിച്ചപ്പോള്‍ എന്നെ തോല്‍പ്പിക്കുമെന്നും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്റെ കുടുംബവുമായി പങ്കുവെക്കുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് സമാധാനം നഷ്ടപ്പെട്ടു, ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇക്കാര്യത്തില്‍, കോളജ് അതോറിറ്റി ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍, ഞാന്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യും. എന്റെ ആത്മഹത്യക്ക് വകുപ്പ് മേധാവിയും കോളജ് അതോറിറ്റിയും ഉത്തരവാദികളായിരിക്കും,' എന്നാണ് വിദ്യാര്‍ഥിനി കത്തില്‍ എഴുതിയത്.
കത്ത് നല്‍കി, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ നടപടി സ്വീകരിക്കാതെയായപ്പോള്‍ പെണ്‍കുട്ടി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ മരണം ഭരണപരാജയം ആണെന്നും അവര്‍ ആരോപിച്ചു.
