സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ കോഴിക്കോട് പ്രതിഷേധം

Update: 2022-08-19 15:54 GMT

കോഴിക്കോട്: സിവിക് ചന്ദ്രന്‍ പ്രതിയായ ലൈംഗിക അതിക്രമ കേസുകളിലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് പൗരസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കിട്‌സണ്‍ കോര്‍ണറിലായിരുന്നു പ്രതിഷേധ പരിപാടി. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് കോഴിക്കോട് ജില്ലാ കോടതിയുടെ ഈ ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിവാദപരാമര്‍ശങ്ങള്‍ ഉത്തരവില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സാമൂഹികപ്രവര്‍ത്തകരായ വി പി സുഹ്‌റ, കെ അജിത, ബിന്ദു അമ്മിണി, വിജി പെണ്‍കൂട്ട്, പി ശ്രീജ, അപര്‍ണ ശിവകാമി, ഹമീദ, ബാലകൃഷ്ണന്‍, വേണുഗോപാലന്‍ കുനിയില്‍, അഖില്‍ മേരിക്കൂട്ട്, ഐ വി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. സിവിക് ചന്ദ്രന്‍ പ്രതിയായ ലൈംഗികാതിക്രമ കേസുകളിലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും വിവിധ അവകാശങ്ങള്‍ ഉറപ്പാക്കുന്നതുമാണ്.

മൗലികാവകാശങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സവിശേഷ പ്രാധാന്യം സുപ്രിംകോടതി നിരവധി വിധിന്യായങ്ങളിലൂടെ ഉറപ്പിച്ചിട്ടുള്ളതുമാണ്. സാംസ്‌കാരിക നായകനെന്ന് അവകാശപ്പെടുന്ന സിവിക് ചന്ദ്രന്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും, പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അയാള്‍ ഇതുവരെ അവകാശപ്പെട്ടിരുന്ന എല്ലാ പുരോഗമന സമീപനങ്ങളെയും റദ്ദുചെയ്യുന്ന തരത്തില്‍ കോടതിയില്‍ പട്ടികജാതി- വര്‍ഗ അതിക്രമനിരോധന നിയമത്തെ തന്നെ ചോദ്യം ചെയ്യുകയും, അത് ഭരണഘടനയുടെ ലക്ഷ്യത്തിനു തന്നെ എതിരാണെന്ന് സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്.

കോടതിയിലെത്തിയ രണ്ടു കേസിലും വളരെ പ്രതിലോമകരമായ രീതിയിലാണ് പ്രതിയുടെ നിലപാട്. നിയമവാഴ്ച നിലനില്‍ക്കുന്ന ഇന്ത്യയില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കേണ്ട ജില്ലാ കോടതി ജഡ്ജി ആണാധികാരത്തില്‍ നിന്നുകൊണ്ട് കേവല സദാചാരത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ മൂല്യങ്ങളെയും തകര്‍ക്കുന്ന ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News